പാറശാല : ഈ റോഡ് ആരുടേത്? ഈ ചോദ്യം അവസാനിക്കുന്നത് ഒരു റോഡിന്റെ ദയനീയ സ്ഥിതിയിലേക്കാണ്. അത്രത്തോളം തകർന്ന് തരിപ്പണമായി കിടക്കുകയാണ് പാറശാലയിലെ ഈവാൻസ് സ്കൂൾ റോഡ്. അവകാശവാദങ്ങൾ വില്ലനായതോടെ ആരും ഈ റോഡ് നവീകരിക്കാൻ തയാറല്ല. പാറശാല ഗാന്ധിപാർക്കിൽ നിന്നും ആരംഭിച്ച് ഇവാൻസ് സ്‌കൂളിന് മുന്നിൽ അവസാനിക്കുന്ന ഇവാൻസ് സ്‌കൂൾ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം വേണമെന്ന് രക്ഷകർത്താക്കളും നാട്ടുകാരും ഒന്നടങ്കം ആവശ്യപ്പെടുകയാണ്. ഇവാൻസ് സ്‌കൂൾ, ഇവാൻസ് ഹൈ സ്‌കൂൾ, ഇവാൻസ് ഹയർ സെക്കൻഡറി സ്‌കൂൾ, ഇവാൻസ് ടി.ടി.ഐ, ഇവാൻസ് പ്രൈമറി സ്‌കൂൾ എന്നിങ്ങനെ പ്രൈമറി മുതൽ പ്ലസ് ടുവരെയുള്ള അഞ്ച് സ്കൂളുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
വെറും ഇരുനൂറ് മീറ്ററോളം മാത്രമുള്ള റോഡ് ആണെങ്കിലും ഇത്രയും ജനസഞ്ചാരമുള്ളതുകൊണ്ട് തന്നെ ഏറെ പ്രാധാന്യമർഹിക്കുന്ന റോഡാണ്. എന്നാൽ റോഡിലെ കുണ്ടും കുഴിയിലും വീണ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുന്നത് പതിവാകുകയാണ്.
ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർക്ക് ജീവൻമരണ പോരാട്ടം നടത്തിയാലേ ഇതുവഴി പോകാനാകൂ.
റോഡ് സ്കൂൾ മാനേജ്‌മെന്റിന് അവകാശപ്പെട്ടതാണെന്ന് പറയുന്നുണ്ടെങ്കിലും വൻ തുക ചെലവാക്കി ടാർ ചെയ്യാൻ തയാറാവുന്നില്ല. പാറശാല ടൗൺ വാർഡിൽപെട്ട റോഡ് ആണെന്ന പൊതുജന ആവശ്യം പരിഗണിച്ച് കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത് അധികൃതർ റോഡ് ടാർ ചെയ്യ്തിട്ടുണ്ടെങ്കിലും പിന്നീട് പഞ്ചായത്ത് അധികൃതർ തിരിഞ്ഞ് നോക്കിയിട്ടേയില്ല.
അധികൃതർ എം.എൽ.എ വക ഫണ്ടിൽ ഉൾപ്പെടുത്തി റോഡ് ടാർ നേരത്തെ ചെയ്യാമെന്ന് സമ്മതിച്ചിരുന്നു എങ്കിലും ഇപ്പോൾ റോഡ് പി.ഡബ്ള്യു.ഡിവക അല്ലാത്തത് കാരണം റോഡ് പണി നടത്തുന്നില്ല.എന്നാൽ റോഡിന്റെ തുടക്കത്തിൽ സ്‌കൂൾ അധികൃതരുടെ ബോർഡ് സ്ഥാപിച്ചിട്ടുള്ളത് കാരണം പഞ്ചായത്തും റോഡ് പണി നിഷേധിച്ചിട്ടുണ്ട്.വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളുടെ ആവശ്യം പരിഗണിച്ച് സ്‌കൂൾ പി.ടി.എ റോഡ് നന്നാക്കണമെന്ന് സ്‌കൂൾ അധികൃതരെ സമീപിച്ചെങ്കിലും ഫലം കണ്ടിട്ടില്ല.