navaratri

തിരുവനന്തപുരം : പൂജപ്പുര സരസ്വതി ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് മുതൽ ഒക്‌ടോബർ എട്ട് വരെ നടക്കുമെന്ന് ജനകീയസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജനകീയസമിതി പ്രസിഡന്റ് ജി. വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിക്കും.
ഒ.രാജഗോപാൽ എം.എൽ.എ നവരാത്രി സംഗീതോത്സവവും, മേയർ വി.കെ. പ്രശാന്ത് നവരാത്രി സാഹിത്യോത്സവവും, മുൻ എം.എൽ.എ വി.ശിവൻകുട്ടി അമ്യൂസ്‌മെന്റ് പാർക്കും, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ വൈദ്യുത ദീപാലങ്കാരവും ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠഭാഷാ പുരസ്‌കാരം നേടിയ ഡോ. വി.ആർ. പ്രബോധചന്ദ്രൻ നായരെയും കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പിന് അർഹനായ കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെയും ഒക്‌ടോബർ ആറിന് നടക്കുന്ന സാഹിത്യോത്സവ വേദിയിൽ ആദരിക്കും. വിജയദശമി ദിവസം രാവിലെ മുതൽ സരസ്വതീ മണ്ഡപത്തിലും ബ്രഹ്മസഭാഗൃഹത്തിലുമായി വിദ്യാരംഭം നടക്കും.
അന്ന് രാവിലെ 9 ഒാടെ കുമാരസ്വാമി വെള്ളിക്കുതിരയേറി പൂജപ്പുരയിലെത്തും. അതേസമയം തന്നെ ആയിരത്തിലേറെ നേർച്ചക്കാവടികളോടെയുള്ള ഘോഷയാത്ര ചെങ്കള്ളൂർ മഹാദേവക്ഷേത്രത്തിൽ നിന്ന് സരസ്വതീമണ്ഡപത്തിലെത്തും. ഉച്ചയ്ക്ക് 2ന് കാവടി അഭിഷേകം. വൈകിട്ട് 4.30ന് നടക്കുന്ന പള്ളിവേട്ടയോടെ ഉത്സവം സമാപിക്കും. ജനകീയസമിതി രക്ഷാധികാരികളായ രാജശേഖരൻ, പൂജപ്പുരകൃഷ്ണൻ നായർ, വൈസ് പ്രസിഡന്റ് ‌ഡി. ഭഗവൽദാസ്, സെക്രട്ടറി ഗോപു ജി.നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.