arrest

വർക്കല: വർക്കലയിൽ റെയിൽവേ ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽഫോൺ തട്ടിയെടുക്കുകയും ചെയ്ത കേസിൽ നാലുപേർ പിടിയിൽ. വർക്കല രാമന്തളി ഐക്കരവീട്ടിൽ അൽഅമീൻ (29), രാമന്തളി ഷെരീഫ് മൻസിലിൽ അൽഅമീൻ (28), ചെമ്മരുതി പനയറ എൻ.ബി.സദനത്തിൽ അമൽഅരവിന്ദ് (21), ചെറുന്നിയൂർ വെന്നികോട് ചരുവിളവീട്ടിൽ ശ്രീകാന്ത് (26) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 2.45ഓടെ വർക്കല മൈതാനത്തെ അടച്ചിട്ട റെയിൽവേ ഗേറ്റിനു സമീപമായിരുന്നു സംഭവം. ട്രാക്ക് മാറ്റുന്ന ജോലിയിൽ ഏർപെട്ടിരുന്ന ജീവനക്കാരായ തിരുവനന്തപുരം വിളപ്പിൽ ആനന്ദഭവനിൽ അപ്പുക്കുട്ടൻനായർ (56), മഹാരാഷ്ട്ര സ്വദേശി സാഗർഭാസ്ക്കർ (24) എന്നിവരെയാണ് ആക്രമിച്ചത്. തമിഴ്നാട്ടിൽ നിന്നും അൽഅമീന്റെ കൂട്ടുകാരനായ ചെറുന്നിയൂർ സ്വദേശി നിതീഷ് (26) മുഖാന്തരം ടൂറിസ്റ്റ് സീസണിൽ വർക്കലയിലേക്ക് കഞ്ചാവ് കടത്തുന്നതിനു വേണ്ടിയാണ് കാർ ആറ്റിങ്ങലിൽ നിന്നു വാടകയ്ക്കെടുത്തതെന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 22ന് രാത്രി ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വൈദ്യുതി പോസ്റ്റിലെ ട്യൂബുകൾ എറഞ്ഞു തകർത്ത കേസിലും 27ന് രാവിലെ മുണ്ടയിൽ റോഡുവഴി നടന്നു വന്ന മുണ്ടയിൽ ഉഷസിൽ അനൂപിനെ ഇരുമ്പ് കമ്പി ഉപയോഗിച്ച് അടിച്ച് വീഴ്ത്തിയ കേസിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. വർക്കല സി.ഐ ജി.ഗോപകുമാർ, എസ് ഐ ബി.കെ.അരുൺ, എസ്.സി.പി.ഒ മാരായ മുരളീധരൻ, നവാസ്, സി.പി.ഒ മാരായ ഷെമീർ, അനൂപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവർ ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.