തിരുവനന്തപുരം: 'ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങൾ പാടാം, എങ്ങും നിറഞ്ഞ് എങ്ങും വിളങ്ങുന്ന നിരീശ്വരൻ, മണ്ണിൽ ഉത്പത്തിയായ കഥകൾ പറയാം..ഓം നിരീശ്വരായ നമ:'എന്ന സ്തുതിവാചകങ്ങളോടെയാണ് വി.ജെ. ജയിംസ് 'നിരീശ്വരൻ' എന്ന നോവലിലേക്ക് വായനക്കാരെ ക്ഷണിക്കുന്നത്. ദൈവങ്ങളും മിത്തുകളും എങ്ങനെ ഉണ്ടായിത്തീരുന്നു എന്ന അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം.
ആഗ്രഹങ്ങൾ പൂർത്തീകരിച്ചു കിട്ടുമ്പോൾ അതിലൊരു അതീന്ദ്രിയശക്തി ഉണ്ടെന്നു വിശ്വസിക്കാനാണ് ഭൂരിഭാഗം മനുഷ്യർക്കും ഇഷ്ടം. അതിനെ അവർ ഈശ്വരൻ എന്ന പേരിൽ പൊതുവായും മറ്റു പല ഉപദേവതകളുടെ പേരിട്ടും വിളിക്കുന്നു. ഇത്തരമൊരു ഈശ്വര സങ്കല്പത്തിൽ വിശ്വസിച്ചു ജീവിക്കുന്ന മനുഷ്യരുടെ ഇടയിലേക്ക് നിരീശ്വരൻ എന്ന മറ്റൊരു വിശ്വാസ സങ്കല്പവുമായിട്ടാണ് ജയിംസിന്റെ നോവൽ വരുന്നത്. ലോകത്തിന്റെ ഉത്പത്തിക്ക് കാരണവും സകല ജീവജാലങ്ങളെയും നേർവഴി നടത്തുന്നവനുമെന്ന് കരുതിപ്പോരുന്ന ദൈവസങ്കല്പത്തിനു ചുറ്റും നിറഞ്ഞാടുന്ന പൊള്ളത്തരങ്ങളിലേക്കുള്ള നോട്ടം കൂടിയാണ് ഈ കൃതി.
ദേവത്തെരുവ് എന്ന നാട്ടിൽ ഈശ്വരവിശ്വാസത്തിനു ബദലുണ്ടാക്കാൻ ശ്രമിക്കുകയാണ് ആഭാസന്മാർ (ആന്റണി, ഭാസ്‌കരൻ, സഹീർ). അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പെട്ട് ഒരു നാട് വഴിതെറ്റുന്നതിൽ മനം മടുത്ത് ദേവത്തെരുവിനെ ആഭാസത്തെരുവ് എന്നു പുനർനാമകരണം ചെയ്ത് നിരീശ്വരനെ പ്രതിഷ്ഠിക്കുകയാണ് ആഭാസ സംഘം. പക്ഷേ, തെരുവിൽ പിന്നീടുണ്ടാകുന്ന എല്ലാ അദ്ഭുതങ്ങളും നിരീശ്വരന്റെ കൃപ കൊണ്ടാണെന്ന് പ്രചരിക്കുകയും നിരീശ്വര വിശ്വാസം അവിടെ ബലപ്പെടുകയും ചെയ്യുന്നു. അങ്ങനെ ഈശ്വരൻ എന്ന മിത്തിനെതിരെ നിർമ്മിക്കപ്പെട്ട നിരീശ്വരൻ മറ്റൊരു മിത്തായി തീരുന്നു. ദൈവത്തിനും ദൈവത്തിന്റെ പേരിൽ നടക്കുന്ന കൊള്ളരുതായ്മയ്ക്കും എതിരായി മൂവർസംഘം സൃഷ്ടിച്ച നിരീശ്വരൻ നാട്ടിലെ പ്രധാന ദൈവമാകുന്നത് നോക്കിയിരിക്കാനേ അതിന്റെ സ്രഷ്ടാക്കൾക്ക് സാധിക്കുന്നുള്ളൂ.
നിരീശ്വരൻ എന്ന പുതിയ ആശയവും ചിന്തയും മുന്നോട്ടുവയ്ക്കുന്നു എന്നതാണ് ജയിംസ് എഴുത്തിൽ കൊണ്ടുവരുന്ന മൗലികത. വായനയിൽ പുതുമ തോന്നിപ്പിക്കുന്ന നൂതനമായ എഴുത്തുശൈലിയാണ് ജയിംസ് നിരീശ്വരനിൽ അവതരിപ്പിച്ചിരിക്കുന്നത്. നിരീശ്വരകഥ പറയാൻ മിത്തുകളും ഉപകഥകളും ഉപയോഗിക്കുന്നതിനൊപ്പം ചിത്രത്തിലേതുപോലെ തെളിച്ചമുള്ള കഥാഭൂമിക സൃഷ്ടിക്കുന്നതിലും നോവലിസ്റ്റ് വിജയിക്കുന്നു. തികഞ്ഞ സാമൂഹികതയും ശാസ്ത്രബോധവും പുലർത്തുന്ന നോവൽ വായനക്കാരന് സ്വയം ചോദ്യങ്ങൾ ചോദിക്കാനും സമൂഹത്തിന്റെ മുന്നോട്ടുപോക്കിനെക്കുറിച്ച് ചിന്തിക്കാനും അവസരമൊരുക്കുന്നു.