വർക്കല: ടൂറിസം വകുപ്പിന്റെ കീഴിലുള്ള കാപ്പിൽ പ്രിയദർശിനി ബോട്ട് ക്ലബിൽ സഞ്ചാരികളായെത്തുന്നവർക്ക് സവാരി നടത്താൻ മതിയായ ബോട്ടുകൾ ഇല്ലാത്തത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കുന്നു. ഡി.ടി.പി.സിയുടെ ചുമതലയിലാണ് ഇടവ ഗ്രാമപഞ്ചായത്തിലുള്ള ഈ ബോട്ട് ക്ലബിന്റെ പ്രവർത്തനം.
പുതിയ ഉല്ലാസബോട്ടുകൾ എത്തിക്കുമെന്ന അധികൃതരുടെ വാഗ്ദാനങ്ങൾ ജലരേഖയായി മാറുകയാണ്. കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് പുതിയ കെട്ടിടം ഉൾപ്പെടുന്ന ഫ്ലോട്ടിംഗ് റെസ്റ്റാറന്റ് ഉദ്ഘാടനം ചെയ്തത്. പുതിയ ബോട്ടുകൾ ഒന്നുമില്ലാതെ തിരക്കിട്ട് ഉദ്ഘാടനം നടത്തിയതിന്റെ പ്രതിഷേധവും ഉയർന്നിരുന്നു. പ്രതിഷേധം ഉയർന്നപ്പോൾ ഉദ്ഘാടകനായെത്തിയ മന്ത്റി എത്രയും വേഗം കൂടുതൽ ബോട്ടുകൾ എത്തിക്കുമെന്ന് ഉറപ്പുനൽകിയാണ് പിൻവാങ്ങിയത്. എന്നാൽ ചിറയിൻകീഴിലെ പുളിമൂട്ടിൽ കടവിൽ നിന്നും ഒരു പഴയ സഫാരിബോട്ട് അധികൃതർ ഇവിടെ എത്തിച്ചത് മാത്രം മിച്ചം. ദിനംപ്രതി നിരവധി വിനോദസഞ്ചാരികളാണ് കാപ്പിൽ പ്രദേശത്ത് എത്തുന്നത്. എന്നാൽ പലപ്പോഴും ബോട്ടിംഗിനുവേണ്ടി ഇവർക്ക് ബോട്ട് സവാരി ചെയ്യുന്നതിന് കഴിയുന്നില്ലെന്ന് പരാതിയുണ്ട്.
അതേ സമയം കാപ്പിൽ പ്രദേശത്ത് ചില സ്വകാര്യ റിസോർട്ടുകൾ സ്പീഡ് കൂടിയതും കുറഞ്ഞതുമായ വിവിധതരം ബോട്ടുകൾ നീറ്റിലിറക്ക് സന്ദർശകരെ ആകർഷിക്കുമ്പോൾ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ടൂറിസം വകുപ്പിന്റെ ബോട്ട് ക്ലബ് കാഴ്ചവസ്തുവായി മാറുകയാണ്. ഇതുമൂലം ടൂറിസം വകുപ്പിന് വന്നുചേരേണ്ട വരുമാനം ഇല്ലാതാവുകയാണ്.