കോവളം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ തിരുവല്ലം മേനിലം കീഴെ പാലറകുന്ന് വീട്ടിൽ ആട് സജി എന്നു വിളിക്കുന്ന അജികുമാർ (35) പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയുടെ ഭാര്യാ സഹോദരനാണ് ഇയാൾ. ഏതാനും നാളുുകൾക്ക് മുമ്പ് അയൽവാസിയായ പ്രേമകുമാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ഗൃഹോപകരണങ്ങൾ അടിച്ച് തകർക്കുകയും ചെയ്ത കേസിലാണ് ഇയാൾ പിടിയിലായത്. കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കിളിമാനൂർ, കാട്ടാക്കട, വെള്ളറട, മ്യൂസിയം, നേമം സ്റ്റേഷനുകളിൽ മോഷണം, ഭവനഭേദനം, അടിപിടി തുടങ്ങിയ 25 ഓളം കേസുകളിലെ പ്രതിയാണ് ഇയാൾ. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെകുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് അസി. കമ്മിഷണർ പ്രതാപൻ നായർ, തിരുവല്ലം എസ്.എച്ച്.ഒ വി. സജികുമാർ, എസ്.ഐ സമ്പത്ത്.കെ.എൽ, കിരൺ. ടി.ആർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.