തിരുവനന്തപുരം: ടൂറിസം മേഖലയിൽ ആഗോളനിലവാരത്തിലുള്ള സുരക്ഷാനടപടികൾ ഉറപ്പാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ടൂറിസം മേഖലയെ മയക്കുമരുന്നും ഭീകരതയും ബാധിക്കാതിരിക്കാൻ ശ്രദ്ധവേണം. ബാരിയർ-ഫ്രീ ടൂറിസം പ്രോത്സാഹിപ്പിക്കണം. ടൂറിസത്തിലെ ആഗോള ട്രെൻഡുകളെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റസ്) സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിറ്റ്സിലെ എം.ബി.എ വിദ്യാർത്ഥിനിയായ വാർഡ് കൗൺസലർ വിദ്യാമോഹനെ ഗവർണർ അഭിനന്ദിച്ചു. 1969ൽ വിദ്യാർത്ഥിയായിരിക്കവേയാണ് കേരളത്തിലെ ഉയർന്ന സാക്ഷരതാനിരക്കിനെക്കുറിച്ച് ആദ്യം കേട്ടത്. അന്നുമുതൽ കേരളത്തോട് പ്രത്യേക ആദരവുണ്ടായിരുന്നു. ഇപ്പോൾ ഈ മതിപ്പ് വർദ്ധിച്ചെന്നും ഗവർണർ പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. വി.എസ്. ശിവകുമാർ എം.എൽ.എ, യു.എൻ.ഡബ്യു.ടി.ഒ ഏഷ്യാ പസഫിക് ഡെപ്യൂട്ടി ഡയറക്ടർ ഹേ ഗുക് വാങ്, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, അയാട്ടോ സീനിയർ വൈസ് പ്രസിഡന്റ് ഇ.എം. നജീബ്, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു ടൂറിസം സെക്രട്ടറി റാണി ജോർജ്, കിറ്റ്സ് പ്രിൻസിപ്പൽ ബി. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.