കിളിമാനൂർ: കെ.എസ്.ടി.പിയെയും, പി.ഡബ്ലൂ.ഡിയെയും പഴിചാരി പാർക്കിംഗ് സൗകര്യം ഒരുക്കാതെ പഞ്ചായത്ത് തടി തപ്പുന്നു. തിരുവനന്തപുരം - കൊട്ടാരക്കര റൂട്ടിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് കിളിമാനൂർ. ഒരു കാലത്ത് ഗ്രാമപ്രദേശവും വിരലിലെണ്ണാവുന്ന വാഹനങ്ങളും കടകളും മാത്രം ഉണ്ടായിരുന്ന ജംഗ്ഷൻ ഇന്ന് നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങളും, സർക്കാർ ഓഫീസുകളും സ്കൂളും ഒക്കെയുള്ള പ്രധാന പട്ടണമായി മാറി. അതോടൊപ്പം വാഹനങ്ങളുടെ എണ്ണവും വർദ്ധിച്ചതോടെ കിളിമാനൂരിൽ ഗതാഗതക്കുരുക്കും ആരംഭിച്ചു. സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരു വശങ്ങളിലും നടപ്പാതയും സുരക്ഷാവേലിയും സ്ഥാപിച്ചതോടെ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുകയും ജംഗ്ഷനിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ആരംഭിക്കാനും തുടങ്ങി. റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പൊലീസ് പിഴ ഏർപ്പെടുത്തിയതോടെ കച്ചവടക്കാരാണ് പ്പെട്ടിരിക്കുന്നത്. പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ ആളുകൾ കടകളിലേക്ക് എത്താറില്ല.
കഴക്കൂട്ടം മുതൽ അടൂർ വരെയുള്ള സംസ്ഥാന പാത സുരക്ഷാ ഇടനാഴി പദ്ധതി പ്രകാരം പുറമ്പോക്ക് പൂർണമായും ഏറ്റെടുത്ത് റോഡിന് വീതി കൂട്ടും എന്ന് പറഞ്ഞിരുന്നങ്കിലും ചിലയിടങ്ങളിൽ പുറമ്പോക്ക് ഏറ്റെടുത്തിട്ടില്ല. ഇതിനെതിരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചുണ്ടത്രേ. കിളിമാനൂർ ജംഗ്ഷൻ സ്ഥിതി ചെയ്യുന്ന പഴയകുന്നുമ്മൽ പഞ്ചായത്തിന് വിവിധ സ്ഥലങ്ങളിൽ വസ്തുക്കൾ കിടക്കുമ്പോഴും അവിടെയൊന്നും പാർക്കിംഗ് സൗകര്യം ഒരുക്കാതെ റോഡുകളിൽ "നോ പാർക്കിംഗ് "ബോർഡ് സ്ഥാപിക്കൽ മാത്രമാണ് ജോലി എന്ന ആക്ഷേപമുണ്ട്.