തിരുവനന്തപുരം: അടിക്കുറിപ്പ് എഴുതാനാണെങ്കിൽ ഈ ചിത്രത്തിന്റെ മേൽപ്പാതിക്കും കീഴ്പ്പാതിക്കും രണ്ട് കുറിപ്പെഴുതണം. കാരണം, ആദ്യപകുതി ഒരമ്മയുടെയും മകന്റെയും ആത്മബന്ധത്തിന്റെ ചിത്രമാണ്. രണ്ടാംപകുതി, കാൽ മുറിച്ചുമാറ്റേണ്ടിവന്നിട്ടും ക്യാൻസറിനു കീഴടങ്ങാതെ കൃത്രിമക്കാലിൽ കരുത്തുചേർത്ത ഒരു ചെറുപ്പക്കാരന്റെ വാശിയുടേതും!
രണ്ടു വർഷം മുമ്പ് ക്യാൻസർ കിടപ്പിലാക്കിയപ്പോഴും, പിന്നീട് ഇടതുകാൽ മുറിക്കേണ്ടി വന്നപ്പോഴും മകനെ എടുത്തുകൊണ്ടു നടന്നത് അമ്മ ലേഖയായിരുന്നു. രോഗത്തെ വെല്ലുവിളിച്ച്, ഇപ്പോൾ കൃത്രിമക്കാലിൽ നിവർന്നു നിൽക്കുമ്പോൾ ആ മകൻ അമ്മയോടുള്ള കടം സന്തോഷപൂർവം വീട്ടുന്നത് ഇങ്ങനെയല്ലാതെ മറ്റെങ്ങനെ? ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ കൂളിംഗ് ഗ്ളാസ് വയ്ക്കാൻ നന്ദു മറന്നില്ല. അതായിട്ട് എന്തിന് കുറയ്ക്കണം! എന്നിട്ട്, ചിത്രങ്ങൾ ഫേസ്ബുക്കിലിട്ടു. തന്നെ പ്രണയിച്ചേ അടങ്ങൂവെന്ന വാശിയുമായെത്തിയ 'കൂട്ടുകാരിയെ' പുറത്താക്കിയ കഥയും പങ്കുവച്ചു.
ഭരതന്നൂർ സ്വദേശിയായ നന്ദു മഹാദേവ കാറ്ററിംഗ് ബിസിനസിനായാണ് അച്ഛനമ്മമാർക്കൊപ്പം ചേങ്കോട്ടുകോണത്തേക്ക് താമസം മാറ്റിയത്. കാൽമുട്ടിൽ ചെറിയൊരു വേദനയിൽ നിന്നായിരുന്നു തുടക്കം. വേദന കൂടിക്കൂടിവന്നു. പരിശോധനയിൽ ക്യാൻസർ തിരിച്ചറിഞ്ഞപ്പോൾ നന്ദു തളർന്നില്ല. മുട്ടിനു മുകളിൽവച്ച് കാൽ മുറിക്കേണ്ടിവന്നപ്പോഴും ചിരി മറന്നില്ല. വീൽചെയർ വേണ്ടെന്ന് നേരത്തേ തീരുമാനിച്ചു. നേരെ ക്രച്ചസിലേക്കു കയറിയപ്പോൾ നന്ദു ഒരു പ്രതിജ്ഞയെടുത്തു: കാവടിയെടുത്ത് പഴനിമല കയറി മുരുകനെ തൊഴും. ക്യാൻസർ പിടിപെട്ട സുഹൃത്ത് ലാൻസനു വേണ്ടിയുള്ള നേർച്ച കൂടിയായിരുന്നു അത്. കാവടി കഴുത്തിൽ തൂക്കിയിട്ട് ക്രച്ചസിൽ മല കയറുമ്പോൾ കൈയിലും കഴുത്തിലും ചോര പൊടിഞ്ഞു. വേൽമുരുകന്റെ തിരുനടയിൽ ചെന്നുനിന്ന് പ്രാർത്ഥിച്ചിട്ടേ നന്ദു മടങ്ങിയുള്ളൂ.
കാലിൽ നിന്ന് മുകളിലേക്ക് കയറിയ ക്യാൻസർ ശ്വാസകോശത്തോളം പടർന്നിട്ടും നന്ദു തളരാൻ തയ്യാറായിരുന്നില്ല. മരുന്നില്ലാതെ രോഗത്തെ തോൽപ്പിക്കുമെന്നായിരുന്നു വാശി. ആ വാശിക്കു മുന്നിൽ മഹാരോഗം പത്തിതാഴ്ത്തുന്നത് ആർ.സി.സിയിലെ ഡോക്ടർമാർ തിരിച്ചറിയുന്നത് അമ്പരപ്പോടെ. ഈയിടെ നടത്തിയ പരിശോധനയിൽ ക്യാൻസർ കോശങ്ങളുടെ വളർച്ച നിലച്ചിരിക്കുന്നു! ശ്വാസകോശത്തിൽ വീണ സുഷിരങ്ങൾ ചുരുങ്ങിത്തുടങ്ങിയിരിക്കുന്നു. ഫേസ്ബുക്കിൽ നന്ദു എഴുതി: 'എന്നെ പ്രണയിക്കാൻ ഈ കാമുകിക്ക് അനുവാദമില്ല. ഇവളെ ഞാൻ ഇറക്കിവിടും!'
ക്യാൻസർ ബാധിതർക്ക് മനക്കരുത്തു പകരാൻ രോഗത്തെ അതിജീവിച്ചവരുടെ കൂട്ടായ്മ തുടങ്ങിയപ്പോൾ നന്ദു അതിനിട്ട പേര് വീ ക്യാൻ എന്നായിരുന്നു. ഒന്നര വയസ്സുള്ള കുഞ്ഞു മുതൽ അമ്പത്തിയഞ്ചുകാരൻ വരെയുണ്ട് അതിൽ അംഗങ്ങളായി. ആശുപത്രിയിലും ചികിത്സയിലുമായപ്പോൾ പൂട്ടിപ്പോയ കാറ്ററിംഗ് ബിസിനസിൽ വീണ്ടും കാലുറപ്പിക്കുകയാണ് നന്ദു. കൂടെ സഹോദരങ്ങളുണ്ട്- അനന്തവും സായികൃഷ്ണയും.
വേദനകളിൽ കണ്ണീരോടെ കൂട്ടിരുന്ന അമ്മ ലേഖ അവന്റെ വാശിക്കൊപ്പവുമുണ്ട്. ''അവന്റെ വാശി ജയിക്കണം. അത്രയ്ക്കു കഷ്ടപ്പെട്ടതാണ് അവൻ. ഇന്നവൻ ഞങ്ങളുടെ അഭിമാനവും മറ്റുള്ളവർക്ക് ആവേശവുമാണ്.'' ഇനി പറയൂ, ഈ ചിത്രത്തിന് എന്ത് അടിക്കുറിപ്പെഴുതാനാണ്?