sakunthala

വിതുര: അർബുദം ബാധിച്ച വീട്ടമ്മ ചികിത്സാസഹായം തേടുന്നു. ചെറ്റച്ചൽ പൊട്ടൻചിറ കൊച്ചുകരിക്കകത്തു വീട്ടിൽ ശകുന്തള (51) യാണ് ചികിത്സക്കും മരുന്നിനും വകയില്ലാതെ സുമനസുകളുടെ സഹായം തേടുന്നത്‌. വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്തു കിട്ടിയ പണം മുഴുവൻ മരുന്നിനും മറ്റുമായി ചെലവായി. അവസാന പരിഹാരമായി തലശേരി മലബാർ കാൻസർ സെന്ററിൽ ചെയ്യുന്ന ശസ്ത്രക്രിയയ്ക്കാവശ്യമായ നാലുലക്ഷം രൂപയ്ക്കായി നാട്ടുകാരുടെ കാരുണ്യം തേടുകയാണിവർ.

കാലങ്കാവിലെ ഖാദി ഉദ്പാദന കേന്ദ്രത്തിൽ ജോലി ചെയ്തായിരുന്നു ശകുന്തളയുടെ ജീവിതം തുടങ്ങിയത്. പിന്നീട് ഏറെ പ്രതീക്ഷയോടെ വിദേശത്തേക്ക് പോയെങ്കിലും ആദ്യ യാത്രകളിൽ ഫലമുണ്ടായില്ല. പിന്നീടാണ് കുവൈറ്റിലെത്തിയത്. കഴിഞ്ഞ പത്തുവർഷമായി അവിടെ വീട്ടുജോലി ചെയ്തു വരികയായിരുന്നു. വീട് പുതുക്കിപ്പണിയാൻ കഴിഞ്ഞതു മാത്രമാണ് എടുത്തു പറയാവുന്ന നേട്ടം.

അവധി കഴിഞ്ഞ് ഡിസംബറിൽ തിരികെ കുവൈറ്റിലെത്തിയപ്പോഴാണ് അസുഖം പിടികൂടിയത്. അസഹ്യമായ വയറുവേദനയായിരുന്നു തുടക്കം. പരിശോധനയിൽ കുടലിൽ കാൻസർ ബാധിച്ചതായി തെളിഞ്ഞു. മൂന്നു ദിവസത്തെ ചികിത്സയ്ക്കു ചെലവായത് 70000 രൂപ. തുടർന്ന് നാട്ടിലെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു മാസം കിടന്നു. അവിടെയും 60000 ചെലവായി. വിശദമായ പരിശോധനയിൽ കുടലിൽ ശസ്ത്രക്രിയ വേണമെന്നു നിർദ്ദേശിച്ചു. തലശേരി മലബാർ കാൻസർ സെന്ററിൽ ഒക്ടോബർ 8-നാണ് ഓപ്പറേഷൻ. മരുന്നിനുൾപ്പടെ നാലുലക്ഷത്തോളം രൂപ വേണം. പലരിൽ നിന്നും കടം വാങ്ങിയായിരുന്നു ഇതുവരെ ചികിത്സ മുന്നോട്ട് പോയിരുന്നത്. ആകെയുള്ളത് 6 സെന്റ് ഭൂമിയിൽ കഴിയുന്ന പ്രായമായ അമ്മയും ഭർത്താവ് ഉപേക്ഷിച്ച സഹോദരിയും മാത്രമാണ്. ഓപ്പറേഷനുള്ള തുകയ്ക്ക് സുമനസുകളുടെ സഹായം പ്രതീക്ഷിച്ചാണ് ശകുന്തളയുടെ ജീവിതം. വിതുര എസ്.ബി.ഐ യിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67084909963. ഫോൺ: 8589024635.