cleaning

കിളിമാനൂർ: കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ നടത്തിയ സ്വച്ഛ് ഭാരത് അഭിയാൻ ശുചീകരണ പരിപാടി കുട്ടികൾക്കും മുതിർന്നവർക്കും പ്രചോദനവും വിജ്ഞാനപ്രദവും ആയി. പരിപാടിയുടെ ഭാഗമായി 100 കേഡറ്റുകൾ അടങ്ങുന്ന സംഘം അമ്പതോളം സ്വച്ഛ് ഭാരത് സന്ദേശങ്ങൾ അടങ്ങിയ പ്ളക്കാർഡുകൾ തയ്യാറാക്കി കിളിമാനൂർ മാർക്കറ്റ് ജംഗ്ഷൻ വരെ ബോധവത്കരണ റാലി നടത്തി. വ്യക്തി ശുചിത്വത്തിനും സമൂഹ ശുചിത്വത്തിനും വേണ്ടി ബോധവത്കരണ സന്ദേശ യാത്ര നടന്നു. പുതിയകാവ് കിളിമാനൂർ മാർക്കറ്റ് ജംഗ്ഷൻ മുതൽ ഗവൺമെന്റ് എൽ.പി.എസ്, ബി.ആർ.സി പ്രദേശങ്ങൾ പൂർണമായി പ്ലാസ്റ്റിക് വിമുക്തമാക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. രാവിലെ 9.30ന് ഗവൺമെന്റ് ഹയർ സെക്കൻഡറി ഗ്രൗണ്ടിൽ നിന്ന് ഹെഡ്മിസ്ട്രസ് എസ്. അജിത, പ്രിൻസിപ്പൽ ഇൻ ചാർജ് എസ്. രാഖി എന്നിവർ ചേർന്ന് പരിപാടികൾക്ക് തുടക്കം കുറിച്ചു. ബി.ആർ.സിയുടെ സഹകരണത്തോടെ നടത്തപ്പെട്ട ശുചീകരണ പരിപാടികൾക്ക് സന്ദേശം നൽകിക്കൊണ്ട് ബി.പി.എം എസ്. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. എൻ.സി.സി ഫസ്റ്റ് ഓഫീസർ ഡോ. എൻ. അനിൽകുമാർ, ഒന്നാം കേരള ബറ്റാലിയൻ പ്രതിനിധി ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ബി.ആർ.സി പരിശീലകൻ വൈശാശാഖ് കെ.എസ് നന്ദി പറഞ്ഞു.