congress-candidate-by-ele

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പാർട്ടി ഹൈക്കമാൻഡ് ഇന്നലെ പ്രഖ്യാപിച്ചെങ്കിലും, കോന്നി സീറ്റിനെച്ചൊല്ലി ഉടലെടുത്ത അസ്വസ്ഥത നീറി നിൽക്കുന്നത് നേതൃത്വത്തിന് തലവേദനയാവുന്നു.

പാലാ ഉപതിരഞ്ഞെടുപ്പ് ഫലം നൽകിയ പ്രഹരം വരാനിരിക്കുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിൽ ആവർത്തിക്കാതിരിക്കാൻ കരുതലോടെ നീങ്ങേണ്ട ഘട്ടത്തിലാണ് കോന്നിയിലെ കല്ലുകടി. പാലാ പരാജയം മറ്റ് അഞ്ചിടങ്ങളിലും അണികളുടെ ആവേശം ചോർത്താതിരിക്കാനുള്ള ജാഗ്രതയിലാണ് യു.ഡി.എഫ് നേതൃത്വം. കിഫ്ബി ഓഡിറ്റ് വിവാദമടക്കമുള്ള ആരോപണങ്ങളുയർത്തി പിണറായി സർക്കാരിനെതിരായ ആക്രമണം കനപ്പിക്കുകയാണ് തന്ത്രം. സ്ഥാനാർത്ഥികളിറങ്ങുന്നതോടെ തർക്കങ്ങളെല്ലാം അവസാനിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. നാളെ പത്രികാസമർപ്പണം അവസാനിക്കുന്നതോടെ പ്രചരണത്തിൽ സജീവമാകും.

പാലായിൽ കേരള കോൺഗ്രസ് വിഭാഗങ്ങളുടെ ചക്കളത്തിപ്പോരിനെ പഴിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്, വരുന്ന അഞ്ചിടത്തും സ്വന്തം പടയെ വിവാദങ്ങളില്ലാതെ കാക്കേണ്ടതുണ്ട്.പക്ഷേ, കോന്നിയിൽ മുൻ എം.എൽ.എ കൂടിയായ ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് അതൃപ്തിയിലാണ്. അദ്ദേഹം നിർദ്ദേശിച്ച റോബിൻ പീറ്ററും ഇ‌ടഞ്ഞുനിൽക്കുന്നു. പ്രശ്നങ്ങൾ പരിഹരിച്ചെന്നും അസ്വാരസ്യങ്ങളില്ലാതെ ഒറ്റ മനസ്സോടെ കളത്തിലിറങ്ങുമെന്നുമാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത്. എന്നാൽ, കോന്നിയിൽ ചരടുവലിച്ചത് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജുമായി ചേർന്ന് മുൻ എം.പി പി.ജെ. കുര്യനാണെന്ന് കരുതുന്ന അടൂർ പ്രകാശ് അനുകൂലികൾ പ്രതിഷേധത്തിലാണ്. തന്റെ സഹകരണം മണ്ഡലത്തിൽ ആവശ്യമില്ലെന്നും ആറ്റിങ്ങലിൽ പ്രവർത്തിച്ചാൽ മതിയെന്നും ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കിയ സ്ഥിതിക്ക് താൻ അവിടെ പ്രചരണത്തിനിറങ്ങേണ്ട ആവശ്യമില്ലല്ലോ എന്നാണ് അടൂർ പ്രകാശ് ഇന്നലെ കേരളകൗമുദിയോട് പ്രതികരിച്ചത്. റോബിൻ പീറ്ററെ കഴിഞ്ഞ ദിവസം കെ.പി.സി.സി ആസ്ഥാനത്തേക്ക് മുല്ലപ്പള്ളി വിളിച്ചുവരുത്തിയെങ്കിലും പൂർണ്ണമായി അയഞ്ഞിട്ടില്ല. റോബിനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ രാത്രി വിളിച്ചുവരുത്തി സംസാരിച്ചു. കോന്നിയിൽ തർക്കം മൂത്തതോടെയാണ് സീറ്റ് എ ഗ്രൂപ്പിന് കൈമാറി പി.മോഹൻരാജിനെ മത്സരിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്. റോബിനെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ പ്രചരണത്തിനിറങ്ങില്ലെന്ന് കെ.പി.സി.സി നേതൃത്വത്തോട് വ്യക്തമാക്കിയ അടൂർപ്രകാശിന് ഇത് കനത്ത അടിയായി. കോന്നിയിൽ ജയസാദ്ധ്യത റോബിനാണെന്നാണ് പ്രകാശിന്റെ പക്ഷം.

സാമുദായിക

സന്തുലനവും പ്രശ്നം

കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ചതിൽ സാമുദായികസന്തുലനം ഉറപ്പുവരുത്താനായില്ലെന്ന പഴിയുമുണ്ട്. അരൂരിൽ ഡി.സി.സി പ്രസിഡന്റ് എം.ലിജുവിനെ മത്സരിപ്പിച്ച് ഈഴവ പ്രാതിനിദ്ധ്യം ഉറപ്പാക്കാമെന്ന് കരുതിയെങ്കിലും ലിജു വഴങ്ങിയില്ല. തുടർന്നാണ് ,ആലപ്പുഴ ലോക്‌സഭാ സീറ്റിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാനിലേക്ക് വീണ്ടുമെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അരൂരിൽ അവർ ഒന്നാമതെത്തിയതും പരിഗണിച്ചു.

വട്ടിയൂർക്കാവിൽ മുൻ എം.എൽ.എ കെ. മുരളീധരൻ എം.പിയുടെ അഭിപ്രായത്തിന് വേണ്ട പരിഗണന കിട്ടിയില്ലെന്ന പരാതിയുണ്ട്. എന്നാൽ നേതൃത്വം തീരുമാനിച്ച സ്ഥിതിക്ക് പ്രതിഷേധത്തിന് പോകാതെ മുരളീധരൻ മോഹൻകുമാറിന്റെ സ്ഥാനാർത്ഥിത്വത്തെ അംഗീകരിക്കുകയായിരുന്നു. എറണാകുളത്ത് പരിഗണിക്കണമെന്ന് കെ.വി. തോമസ് ആവശ്യപ്പെട്ടെങ്കിലും ടി.ജെ. വിനോദിനെയാണ് പരിഗണിച്ചത്. സീറ്റില്ലെങ്കിൽ യു.ഡി.എഫ് കൺവീനർ സ്ഥാനമെങ്കിലും വേണമെന്ന നിലപാടിലാണ് തോമസ്.