തിരുവനന്തപുരം : ഓഫീസ് കെട്ടിടത്തിന് ലൈസൻസ് നൽകുന്നതിനായി പ്രവാസിയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസിന്റെ പിടിയിലായ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സരിതയെ അടുത്തമാസം 10 വരെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. ഇതോടെ സരിതയെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. നഗരസഭയുടെ ജഗതി ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ സരിതയെ വെള്ളിയാഴ്ച വൈകിട്ടാണ് വിജിലൻസ് എസ്.പി ജയശങ്കറിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. ഗൾഫിൽ ജോലി നോക്കിയിരുന്ന ഷിബുകൃഷ്‌ണൻ വഴുതക്കാട് ഭാഗത്ത് ആരംഭിക്കാനുദ്ദേശിച്ച ഇന്റീരിയർ ഡെക്കറേഷൻ ഓഫീസിന്റെ ലൈസൻസ് ആവശ്യത്തിനായാണ് ജഗതി സോണൽ ഓഫീസിലെത്തിയത്. ലൈസൻസ് അപേക്ഷകളും മറ്റും കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ ചുമതലക്കാരിയായ സരിത അനുമതി ലഭിക്കണമെങ്കിൽ അയ്യായിരം രൂപ വേണമെന്ന് ഷിബുവിനോട് ആവശ്യപ്പെട്ടു.

പണം ആവശ്യപ്പെടുന്നത് മൊബൈലിൽ റെക്കാഡ് ചെയ്ത ഷിബു ഇതുമായി വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഇ.എസ്. ബിജുമോനെ സമീപിച്ചു. ബിജുമോന്റെ നിർദ്ദേശാനുസരണം തിരുവനന്തപുരം റേഞ്ച് എസ്.പി ജയശങ്കറിനെ നേരിൽകണ്ട് വിവരമറിയിച്ചതിനെ തുടർന്നാണ് സരിതയെ കുടുക്കാനുള്ള കെണി ഒരുക്കിയത്. പണം നൽകാമെന്ന് ഷിബു അറിയിച്ചപ്പോൾ വെള്ളിയാഴ്ച രാവിലെ ഓഫീസിലെത്താൻ സരിത പറഞ്ഞു. രാവിലെ ഷിബു വിജിലൻസ് സംഘത്തിനൊപ്പം ഓഫീസിലെത്തിയെങ്കിലും ഫീൽഡിലാണ് ഉച്ചയ്ക്ക് കാണാമെന്ന് അറിയിച്ചു. ഉച്ചയ്ക്ക് വീണ്ടും പണവുമായി എത്തിയപ്പോൾ ഫീൽഡ് ഇൻസ്‌പെക്ഷനുശേഷം വൈകിട്ട് വീട്ടിലേക്ക് പോകും വഴി ജഗതി - പൂജപ്പുര റോഡിലേക്ക് എത്താൻ നിർദ്ദേശിച്ചു. ഇതനുസരിച്ച് വിജിലൻസ് സംഘവും വനിതാ പൊലീസും ഉൾപ്പെടെ ഷിബു സ്ഥലത്തെത്തി. സരിതയുടെ അടുത്തെത്തിയ ഷിബു വിജിലൻസ് സംഘം നൽകിയിരുന്ന ഫിനോ‌ഫ്‌തലിൻ പുരട്ടിയ 5000 രൂപയുടെ നോട്ടുകൾ കൈമാറി. ഇതോടെ മറഞ്ഞു നിന്ന പൊലീസ് സംഘമെത്തി സരിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.