തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കേണ്ട കേരള സർവകലാശാലയുടെ നാലാം സെമസ്റ്റർ എൽ.എൽ.ബി പരീക്ഷ മാറ്റിവയ്ക്കാൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് ഉത്തരവിട്ടു. ലാ അക്കാഡമി വിദ്യാർത്ഥി ഉല്ലാസ് കൃഷ്‌ണന്റെ പരാതിയിലാണ് ഉത്തരവ്.പരീക്ഷ മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു
ത്രിവത്സര എൽ.എൽ.ബി കോഴ്സിന്റെ മൂന്ന്, നാല് സെമസ്റ്റർ പരീക്ഷകൾ സെപ്തംബറിൽ നടത്തുന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് പരാതി. ആറ് മാസത്തെ ഇടവേളയിൽ നടത്തേണ്ട സെമസ്റ്റർ പരീക്ഷകൾ ഒരേ മാസത്തിൽ തുടർച്ചയായി നടത്തുന്നതിന് ഒരു നീതീകരണവുമില്ലെന്ന് ലോകായുക്ത പറഞ്ഞു. ആറ് മാസത്തെ ആറ് സെമസ്റ്റുകളിലായാണ് കോഴ്സ് നടത്തേണ്ടത്. 2017 ആഗസ്റ്റിൽ തുടങ്ങിയ കോഴ്സിന്റെ ആദ്യ പരീക്ഷ നടത്തിയത് 16 മാസത്തിനു ശേഷമാണ്.തിങ്കളാഴ്ച തുടങ്ങേണ്ട പരീക്ഷ ഒരു മാസമെങ്കിലും നീട്ടണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെട്ടത്.
എൽ.എൽ.ബി (ത്രിവത്സര - ഈവനിംഗ്) പരീക്ഷകൾ തോന്നിയ മട്ടിൽ നടത്തിയ കേരള സർവകലാശാലക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു. 2017 സെപ്തംബറിൽ ക്ലാസുകൾ ആരംഭിച്ചശേഷം 16 മാസത്തോളം ഒരു സെമസ്റ്റർ പരീക്ഷ പോലും നടത്താതിരുന്ന സർവകലാശാല ആഴ്ചകളുടെ വ്യത്യാസത്തിൽ പരീക്ഷകൾ ഒന്നിച്ച് നടത്തുകയായിരുന്നു. 2018 ഡിസംബറിൽ ആദ്യ സെമസ്റ്റർ പരീക്ഷ തുടങ്ങി. കഴിഞ്ഞ ജനുവരിയിൽ പൂർത്തിയാക്കി. കഴിഞ്ഞ ജൂണിൽ ആരംഭിച്ച രണ്ടാം സെമസ്റ്റർ പരീക്ഷ ജൂലായിലാണ് പൂർത്തിയായത്. ഇതിനു പിന്നാലെ ഒന്നാം സെമസ്റ്ററിന്റെ സപ്ലിമെന്ററി പരീക്ഷ ആരംഭിച്ചു. ജൂലായ് 5ന് രണ്ടാം സെമസ്റ്റർ പരീക്ഷ അവസാനിച്ച് ഒരു മാസത്തിനുള്ളിൽ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ വിജ്ഞാപനമിറക്കി. എന്നാൽ പ്രളയം കാരണം ആഗസ്റ്റ് 25 നാണ് പരീക്ഷ തുടങ്ങിയത്. മൂന്നാം സെമസ്റ്റർ പൂർത്തിയാകും മുമ്പ് നാലാം സെമസ്റ്ററിന്റെ വിജ്ഞാപനമിറക്കി. 6 മാസത്തെ ഇടവേളകളിലായി 24 മാസങ്ങൾ കൊണ്ട് 4 സെമസ്റ്റർ പരീക്ഷ നടത്തേണ്ട സർവകലാശാല വെറും 10 മാസങ്ങൾ കൊണ്ട് 4 സെമസ്റ്റർ പരീക്ഷകളാണ് നടത്തിയത്.
ഒന്നര വർഷം വൈകി ആദ്യ പരീക്ഷ നടത്തിയതാണ് പ്രശ്‌നമായത്. എല്ലാ സെമസ്റ്ററുകളിലും 90 അദ്ധ്യയന ദിനങ്ങൾ പൂർത്തിയാക്കിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ പരീക്ഷ നടത്താനായിരുന്നില്ല. ഇപ്പോൾ പരീക്ഷകൾ ഒരുമിച്ച് നടത്തുകയാണെന്ന് സർവകലാശാല വിശദീകരിച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.