healthy-heart

ലോകത്ത് പ്രതിവർഷം 1.79 കോടി ജനങ്ങളാണ് കാർഡിയോ വാസ്‌‌കുലാർ ഡിസീസ് (സി.വി.ഡി) എന്ന മാരക

ഹൃദ്രോഗം ബാധിച്ച് മരിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇത് 2.3 കോടിയിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ 80 ശതമാനം വരെ ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും. കാർഡിയോവാസ്‌കുലാർ ഡിസീസിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനാണ് സെപ്തംബർ 29 ലോക ഹൃദയ ദിനമായി വേൾഡ് ഹാർട്ട് ഫെഡറേഷൻ ആചരിക്കുന്നത്.

മൈ ഹാർട്ട്,

യുവർ ഹാർട്ട്

ഇൗവർഷത്തെ ലോക ഹൃദയദിനാചരണത്തിന്റെ വിഷയം മൈ ഹാർട്ട്, യുവർ ഹാർട്ട് എന്നതാണ്. ഹൃദയാരോഗ്യത്തിനായി ജനങ്ങളെ ഒത്തൊരുമിപ്പിക്കുകയും പ്രതിജ്ഞാബദ്ധമാക്കുകയുമാണ് ലക്ഷ്യം. അതിനായി കൂടുതൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുമെന്നും പ്രവർത്തനോന്മുഖമാകുമെന്നും പുകവലി വേണ്ടെന്ന് വയ്ക്കുമെന്നും പ്രതിജ്ഞയെടുക്കുക.

എങ്ങനെ ഒഴിവാക്കാം?

ഹൃദയാഘാതം ജീവിതശൈലീ രോഗമായതിനാൽ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഒരു പരിധിവരെ പ്രതിരോധിക്കാം. അതിൽ പ്രധാനം പുകയില ഉപേക്ഷിക്കുകയാണ്. അടുത്തത് ആരോഗ്യകരമായ ഭക്ഷണം. പൊരിച്ച ഭക്ഷണവും മധുരപലഹാരങ്ങളും ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. എപ്പോഴും പ്രവർത്തനക്ഷമമായിരിക്കുക. 30 മുതൽ 45 മിനിട്ട് വരെ വ്യായാമം ചെയ്യുക. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും മുന്നോടിയായി വരാവുന്ന അസുഖങ്ങൾ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൂടിയ കൊളസ്ട്രോൾ എന്നിവയാണ്.

പ്രായം കൂടുന്തോറും ഹൃദയ രക്തക്കുഴലുകളിൽ ബ്ളോക്കുകൾ രൂപപ്പെടുന്നു. പുകവലിക്കാർക്കും കൂടിയ രക്തസമ്മർദ്ദമുള്ളവർക്കും ഇതിന് സാധ്യത കൂടുതലാണ്. ഇൗ ബ്ളോക്കുകൾ രക്തയോട്ടം തടസപ്പെടുത്തുകയും നെഞ്ചുവേദനയ്ക്ക് ഇടയാക്കുകയും ചെയ്യുന്നു. ബ്ളോക്കുകൾ വർദ്ധിക്കുന്നത് ഹൃദയാഘാതത്തിലേക്ക് നയിക്കും.

ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന മൂന്ന് രക്തക്കുഴലുകളിലൊന്നിൽ മുഴുവൻ ബ്ളോക്ക് ഉണ്ടാകുന്നത് ഹൃദയാഘാതത്തിനിടയാകുന്നു. അപ്പോൾ പേശികൾക്കുണ്ടാകുന്ന തകരാറുകൾ മൂലവും ഹൃദയസ്പന്ദനത്തിലെ വ്യതിയാനങ്ങളാലും മരണം വരെ സംഭവിക്കാം.

പെട്ടെന്ന് നെഞ്ചുവേദനയുണ്ടായാൽ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം (പ്രത്യേകിച്ച് പ്രായമുള്ളവരും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയുള്ളവരുമാണെങ്കിൽ) ഇതിനുമുമ്പ് ഇങ്ങനെയൊരു വേദനയുണ്ടായിട്ടില്ലെങ്കിൽ ഇത് ഗ്യാസായി കണക്കാക്കരുത്. നെഞ്ചുവേദനയുണ്ടായാലുടനെ ആശുപത്രിയിലെത്തുക. ഹൃദ്രോഗത്തിന് പ്രഥമ ശുശ്രൂഷയില്ല.

എങ്ങനെ ചികിത്സിക്കണം?

ബ്ളോക്കുണ്ടായ രക്തക്കുഴലിലൂടെ പൂർണമായ തോതിൽ രക്തയോട്ടം എത്രയും വേഗം പുനഃസ്ഥാപിക്കുകയാണ് ഹൃദയാഘാതത്തിനുള്ള ചികിത്സ. ഇത് ബ്ളഡ് തിന്നിംഗ് ഇൻജക്ഷൻ (ത്രോംബോളിസിസ്) വഴിയോ ആൻജിയോപ്ളാസ്റ്റി വഴി ബ്ളോക്ക് നീക്കം ചെയ്തോ ആകാം. ആൻജിയോപ്ളാസ്റ്റിയാണ് കൂടുതൽ ഫലപ്രദം.

ആൻജിയോപ്ളാസ്റ്റി കഴിഞ്ഞാൽ പിന്നീടുള്ള ജീവിതം ഹൃദയത്തിന്റെ പ്രവർത്തനത്തെ ആശ്രയിച്ചാണിരിക്കുന്നത്. നെഞ്ചുവേദനയുണ്ടായി കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ആൻജിയോപ്ളാസ്റ്റി ചെയ്താൽ രോഗി 1-2 ആഴ്ചയ്ക്കകം സാധാരണ ജീവിതത്തിലേക്ക് വരും. വളരെ സമയം കഴിഞ്ഞ് ഹൃദയപേശികൾക്ക് കൂടുതൽ തകരാറുണ്ടായതിന് ശേഷമാണ് ചെയ്യുന്നതെങ്കിൽ കഠിനാദ്ധ്വാനമുള്ള ജോലികൾ ഒഴിവാക്കണം. ദീർഘകാലം സ്ഥിരമായി മരുന്നുകൾ കഴിക്കേണ്ടി വരും.

(നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടറാണ് ലേഖകൻ)