sep28a

ആ​റ്റിങ്ങൽ: അനധികൃത ഇടപെടലിനെത്തുടർന്ന് നഗരസഭാപ്രദേശത്തെ ഇൻഷ്വറൻസ് കാർഡുകൾ പുതുക്കുന്നതിനുവേണ്ടി വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ അനുവദിച്ച ആരോഗ്യ ഇൻഷ്വറൻസ് പുതുക്കൽ കേന്ദ്രത്തിന്റെ പ്രവർത്തനം മുനിസിപ്പൽ ചെയർമാൻ ഇടപെട്ട് നിറുത്തിവയ്പ്പിച്ചു. ഇൻഷ്വറൻസ് പുതുക്കലുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ കേന്ദ്രത്തിൽ വാഗ്വാദങ്ങളും സംഘർഷങ്ങളും പതിവായതിനെത്തുടർന്നാണ് നടപടി. ചിറയിൻകീഴ്, വർക്കല, നെടുമങ്ങാട് താലൂക്കുകളിൽ നിന്നുളള നിരവധിപേർ ഇവിടെ ഇൻഷ്വറൻസ് പുതുക്കാനെത്തുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം നഗരസഭാജീവനക്കാരനെന്ന് പരിചയപ്പെടുത്തി കേന്ദ്രത്തിലെത്തിയയാൾ ഇവിടെയുണ്ടായിരുന്ന വനിതാജീവനക്കാരെ ഭീഷണിപ്പെടുത്തുകയും 300 പേർക്ക് ടോക്കൺ നല്കുകയും ചെയ്തു. തുടർന്ന് അടുത്ത മൂന്ന് ദിവസത്തേക്ക് ഇവിടെ നിന്ന് ടോക്കൺ നല്കില്ലെന്ന അറിയിപ്പും സ്ഥാപിച്ചാണ് ഇയാൾ പോയത്.

ഇന്നലെ ഇൻഷ്വറൻസ് പുതുക്കാൻ ടോക്കണിനു വേണ്ടിയെത്തിയവർ ബോർഡ് കണ്ട് ബഹളമുണ്ടാക്കി. വിവരമറിഞ്ഞെത്തിയ മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ് കേന്ദ്രത്തിന്റെ പ്രവർത്തനം നിറുത്തിവയ്ക്കാൻ നിർദ്ദേശിച്ചു. കേന്ദ്രത്തിൽ അതിക്രമിച്ചുകടന്നയാൾക്കെതിരെ പൊലീസിൽ പരാതി നല്കാൻ ജീവനക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.