തിരുവനന്തപുരം: ശബരിമലയിൽ തിരുപ്പതി മോഡൽ ദർശനത്തിന് പൊലീസ് പദ്ധതി തയ്യാറാക്കുന്നു. ഡിജിറ്റലൈസ്ഡ് പിൽഗ്രിം മാനേജ്‌മെന്റ് സിസ്റ്റമെന്ന പേരിൽ പൊലീസും ദേവസ്വവും കെ.എസ്.ആർ.ടി.സിയും ചേർന്നാണ് പദ്ധതി സജ്ജമാക്കുന്നത്. ശബരിമല ദർശനം പൂർണമായി ഓൺലൈൻ വഴിയാക്കുകയാണ് ലക്ഷ്യം.
ശബരിമല യാത്ര, ദർശനം, താമസം, വഴിപാടുകൾ, സംഭാവന എന്നിവയെല്ലാം പൊലീസിന്റെ പുതിയ വെബ്സൈറ്റു വഴി ബുക്ക് ചെയ്യാം. ഓൺലൈൻ വഴി തീർത്ഥാടനം ബുക്ക് ചെയ്യുന്ന ഭക്തർക്ക് നിലയ്ക്കൽ പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന സമയം മുൻകൂട്ടി അറിയാനാവും. ഓൺലൈൻ വഴി ബുക്ക് ചെയ്ത് കിട്ടുന്ന രസീതുകൾ സ്വീകരിക്കാൻ നിലയ്ക്കലിൽ കൂടുതൽ കൗണ്ടറുകൾ ഉണ്ടാകും. ഇവിടെനിന്ന് വഴിപാടു രസീതും താമസിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളും തീർത്ഥാടകർക്ക് നൽകും.
ഭക്തർക്ക് ദർശനത്തിന് ലഭിക്കുന്ന സമയത്തുതന്നെ സന്നിധാനത്തെത്താനുള്ള യാത്രാസൗകര്യം കെ.എസ്.ആർ.ടി.സി ഒരുക്കും. ദർശനത്തിന് പ്രത്യേക ക്യൂവും ഉണ്ടാകും. ഓൺലൈൻ ബുക്ക് ചെയ്തുവരുന്നവർക്കായിരിക്കും യാത്രയ്ക്കും ദർശനത്തിനുമെല്ലാം മുൻഗണന. ഓൺലൈൻ ബുക്ക് ചെയ്ത് വരുന്നവർ സന്നിധാനത്ത് തങ്ങുന്നതിന് സമയപരിധി നിശ്ചയിക്കും. കഴിഞ്ഞ വർഷം വരെ പൊലീസിന്റെ വെർച്വൽ ക്യൂ സംവിധാനമുണ്ടായിരുന്നെങ്കിലും നിരവധി പാളിച്ചകൾ ഉണ്ടായിരുന്നു. ഇത് പരിഹരിച്ചാണ് സ്റ്റേറ്റ് ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ നേതൃത്വത്തിൽ പുതിയ സോഫ്റ്റ്വെയർ ഉണ്ടാക്കിയത്. ശബരിമല ദർശനം ഭാവിയിൽ പൂർണമായി ഓൺലൈൻ വഴിയാക്കാനും ആലോചനയുണ്ട്. ഒക്ടോബർ അവസാനത്തോടെ ഓൺലൈൻ ബുക്കിംഗ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.