തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന് ഏകദേശ ധാരണയായതോടെ ത്രികോണമത്സരം നടക്കുന്ന മണ്ഡലത്തിൽ പോരാട്ട ചിത്രമായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് മൂന്നു ദിവസം മുമ്പേ റോഡ് ഷോയുമായി സാന്നിദ്ധ്യമറിയിച്ച മണ്ഡലത്തിൽ യു.ഡി.എഫിലെ കെ.മോഹൻകുമാർ ഇന്നലെ പരസ്യ പ്രചാരണത്തോടെ സജീവം. മൂന്നു സ്ഥാനാർത്ഥികളും നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
ഇന്നലെ യു.ഡി.എഫ് കുറവൻകോണം മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനമായിരുന്നു കെ.മോഹൻകുമാറിന്റെ പ്രധാന ചടങ്ങ്. കൺവെൻഷനിൽ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്ത് മോഹൻകുമാർ വോട്ടർമാരെ കാണാനിറങ്ങി. കുറവൻകോണം, നന്തൻകോട്, ദേവസ്വം ബോർഡ് പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കയറി വോട്ട് അഭ്യർത്ഥിച്ചു.പഴയ നോർത്ത് മണ്ഡലം എം.എൽ.എ ആയിരുന്ന മോഹൻകുമാർ വട്ടിയൂർക്കാവുകാർക്ക് പരിചിതനായ നേതാവാണ്. പഴയ എം.എൽ.എയോടുള്ള അടുപ്പം ഓരോ കേന്ദ്രത്തിലും വോട്ടർമാർ മോഹൻകുമാറിനു നൽകി. അന്തരിച്ച കോൺഗ്രസ് നേതാക്കളായ ജി.കാർത്തികേയന്റെയും ബി.വിജയകുമാറിന്റെയും ശാസ്തമംഗലത്തെ വീടുകളും മോഹൻകുമാർ സന്ദർശിച്ചു. ഉച്ചയ്ക്കുശേഷം വിവിധ മണ്ഡലം കമ്മിറ്റി യോഗങ്ങളിലും പങ്കെടുത്തു. മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിലൂടെയുള്ള റോഡ് ഷോയാണ് ഇന്ന് മോഹൻ കുമാറിന്റെ മുഖ്യ പരിപാടി.
മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്തിന്റെ പ്രചാരണം. രാവിലെ നന്തൻകോട് ജംഗ്ഷനിൽ നിന്ന് തുടങ്ങിയ പര്യടനം പ്ലാമൂട്, മുളവന, ലാ കോളേജ്, കുന്നുകുഴി എന്നിവിടങ്ങളിലും ഉച്ചയൂണിനു ശേഷം മുക്കോല, നെട്ടയം, മലമുകൾ, വാഴോട്ടുകോണം, വയലിക്കട, മൂന്നാമൂട്, കുലശേഖരം, കൊടുങ്ങാനൂർ, തോപ്പുമുക്ക്, മണ്ണറക്കോണം എന്നിവിടങ്ങളിലും സഞ്ചരിച്ച് വട്ടിയൂർക്കാവ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് മുട്ടട ഹോളിക്രോസ് പള്ളിയിൽ വിവാഹ സൽക്കാരത്തിലും പങ്കെടുത്തു.
കോർപറേഷൻ പരിധിയിലുള്ള മണ്ഡലത്തിലെ ഓരോ ജംഗ്ഷനിലും മേയർ കൂടിയായ സ്ഥാനാർത്ഥിക്ക് വോട്ടർമാർ ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. ഇന്നു രാവിലെ വഴയില ക്രിസ്ത്യൻ ചർച്ചിലെത്തി വോട്ടർമാരെ കാണുന്നതോടെയാണ് പ്രശാന്തിന്റെ പ്രചാരണത്തുടക്കം. തുടർന്ന് മണ്ഡലത്തിലെ കുന്നംപാറ, വലിയവിള, ഇലിപ്പോട്, അറപ്പുര, മരുതംകുഴി, പാങ്ങോട് എന്നിവിടങ്ങളിൽ വോട്ടഭ്യർത്ഥനയുമായി എത്തും. വൈകിട്ട് എൽ.ഡി.എഫ് വട്ടിയൂർകാവ് നിയോജകമണ്ഡലം കൺവെൻഷൻ പേരൂർക്കട കൗസ്തുഭം ഓഡിറ്റോറിയത്തിൽ ചേരും. മേഖലാ കൺവെൻഷനുകൾക്ക് നാളെ തുടക്കമാകും.