പാറശാല: നിരോധിത സൗണ്ട് സിസ്റ്റവും വേപ്പർ ലാമ്പുകളും ഘടിപ്പിച്ച് അന്യ ജില്ലയിൽ നിന്നെത്തി സർവീസ് നടത്തിവന്ന ടൂറിസ്റ്റ് വാഹനങ്ങൾ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിനുള്ള പെർമിറ്റ് ലഭിക്കുന്നതിനായി കുറുങ്കുട്ടി ചെക്ക്‌പോസ്റ്റിൽ എത്തിയപ്പോഴാണ് ആർ.ടി.ഒ വാഹന പേരിശോധന നടത്തിയത്. നിയമം ലംഘിച്ച് തിരുവനന്തപുരം ജില്ലയിൽ സർവീസ് നടത്തിവരുന്ന അന്യ ജില്ലകളിൽ നിന്നെത്തിയ നാല് ടൂറിസ്റ്റ് വാഹനങ്ങളെയാണ് പിടികൂടിയത്. തുടർന്ന് യാത്രക്കാരുടെ ബുദ്ധിമുട്ടു കണക്കിലെടുത്ത് പത്തു ദിവസത്തിനുള്ളിൽ നിയമാനുസൃതമായ നിലയിൽ വാഹനങ്ങൾ നേരിട്ട് ഹാജരാക്കാമെന്ന വ്യവസ്ഥയിൽ ഡ്രൈവറുടെ ലൈസൻസു പിടിച്ചെടുത്ത ശേഷം ബസുകൾ വിട്ടയയ്ക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയിൽ സർവീസ് നടത്തുന്ന അന്യ ജില്ലയിലെ ടൂറിസ്റ്റ് ബസുകൾക്കെതിരെ ജില്ലയിലെ ബസുടമകളുടെ സംഘടനയായ കോൺട്രാക്ട് കാരിയേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. സംഘടനയുടെ സെക്രട്ടറിയും സൂര്യ ട്രാവൽസ് ഉടമയുമായ ബിജു, ജോയിന്റ് സെക്രട്ടറിയും ഉച്ചക്കട അബി ട്രാവൽസ് ഉടമയുമായ ബിജു, പാറശാല അബി ട്രാവൽസ് ഉടമ പ്രകാശ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.