തിരുവനന്തപുരം: 999 രൂപ വാർഷികനിരക്കിൽ പരിധിയില്ലാത്ത സേവനങ്ങൾ ഉപയോക്താവിനും കുടുംബത്തിനും ലഭിക്കുന്ന ഓൺലൈൻ ഡോക്ടർ കൺസൾട്ടൻസി സേവനവുമായി ഡോക്‌സ് ആപ്പ്. പരമ്പരാഗത രീതിയിൽ ഒരു രോഗി ഡോക്ടറെ സമീപിക്കുമ്പോൾ വരുന്ന വാർഷിക ചെലവിന്റെ 60 ശതമാനം മതി ഡോക്‌സ് ആപ്പ് വഴിയുള്ള സേവനങ്ങൾക്ക്. 5000 സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുമായും ത്വക്‌രോഗം, വെയ്റ്റ് മാനേജ്‌മെന്റ്, സെക്‌സോളജി ഉൾപ്പെടെ ഇരുപതോളം വിഭാഗങ്ങളുമായും ഉപഭോക്താവിനെ നേരിട്ട് ബന്ധപ്പെടുത്തിയാണ് ഡോക്‌സ് ആപ്പ് സേവനങ്ങൾ ലഭ്യമാക്കുന്നത്. മാർച്ചിൽ തുടങ്ങിയ ഓൺലൈൻ സേവനങ്ങൾക്ക് ഇതിനോടകം ഒരു ലക്ഷം വരിക്കാരെ നേടാനായി. 2020ഓടെ 10 ലക്ഷം വരിക്കാരെയാണ് ലക്ഷ്യമിടുന്നത്.
ഓർഡർ നൽകുന്ന മരുന്നുകൾ 30 ശതമാനം ഡിസ്‌ക്കൗണ്ടോടെ വീട്ടിലെത്തിച്ചു നൽകും. ലാബ് ടെസ്റ്റുകൾക്കുള്ള സാമ്പിളുകൾ സൗജന്യമായി ശേഖരിക്കുന്നതോടൊപ്പം 60 ശതമാനം ഇളവുമുണ്ട്. ചാറ്റ്, വോയ്‌സ്‌കോൾ, വീഡിയോകോൾ എന്നിവയിലൂടെ 24 * 7 ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷനും ഈ ആപ്പിലൂടെ ലഭിക്കും. സതീഷ് കണ്ണൻ, ഇൻപശേഖർ ദീനദയാലൻ എന്നീ രണ്ട് ഐ.ഐ.ടി ബിരുദധാരികളാണ് ബംഗളൂരു ആസ്ഥാനമായ കമ്പനിയുടെ സ്ഥാപകർ.