vidyarambham-

തിരുവനന്തപുരം: വിജയദശമി ദിനമായ ഒക്ടോബർ എട്ടിന് കുഞ്ഞുങ്ങൾക്ക് വിദ്യയുടെ ഹരിഃ ശ്രീ കുറിക്കാൻ കേരളകൗമുദിയിൽ ഇക്കുറിയും അരങ്ങൊരുങ്ങുന്നു. എസ്.എൻ.ഡി.പി യോഗം പേട്ട ശാഖാ ഹാളിൽ നടക്കുന്ന തിരുവനന്തപുരം യൂണിറ്റിന്റെ ചടങ്ങിൽ വിവിധ മേഖലകളിലെ ഏഴ് പ്രശസ്തർ ആചാര്യസ്ഥാനം അലങ്കരിക്കും. കുഞ്ഞുങ്ങൾക്ക് കേരളകൗമുദി സമ്മാനങ്ങളും നൽകും. കുട്ടികളുടെ വിദ്യാരംഭ നിമിഷത്തിന്റെ ഫോട്ടോ പാരമൗണ്ട് സ്റ്റുഡിയോ നൽകും.

ആചാര്യ സ്ഥാനത്ത് ഇവർ :

എം. ചന്ദ്രദത്തൻ

2014ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞൻ. വി.എസ്.എസ്.സി മുൻ ഡയറക്ടർ. ഇപ്പോൾ മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ്. 43 വർഷം വി.എസ്.എസ്.സിയിൽ ജോലി ചെയ്തു. ശ്രീഹരിക്കോട്ടയിൽ മുപ്പതിലധികം വിക്ഷേപണങ്ങൾക്ക് നേതൃത്വം നൽകി. ചന്ദ്രയാൻ, മംഗൾയാൻ വിക്ഷേപണ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചു.

ഡി.ജി.പി എ. ഹേമചന്ദ്രൻ

1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥൻ. ഫയർഫോഴ്സ് മേധാവി. കർമ്മശേഷി കൊണ്ട് വിവിധ സർക്കാരുകളുടെ വിശ്വസ്ത ഉദ്യോഗസ്ഥനായി. നിരവധി അഴിമതിക്കേസുകൾ വെളിച്ചത്തു കൊണ്ടുവന്നു.


ബിജുപ്രഭാകർ

2004 ബാച്ച് ഐ. എ. എസ് ഉദ്യോഗസ്ഥൻ. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി. തിരുവനന്തപുരം മുൻ കളക്ടർ. ജില്ലയുടെ വികസനത്തിൽ പ്രധാന പങ്ക് വഹിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മിഷണർ, കൃഷിവകുപ്പ് ഡയറക്ടർ, മെഡിക്കൽ സർവീസസ് കോർപറേഷൻ എം.ഡി തുടങ്ങിയ പദവികൾ വഹിച്ചു. മുൻ മന്ത്രി തച്ചടി പ്രഭാകരന്റെ മകനാണ്.


ഡോ. മാർത്താണ്ഡപിള്ള

പത്മശ്രീ നൽകി രാജ്യം ആദരിച്ച പ്രമുഖ ന്യൂറോ സർജൻ. അനന്തപുരി ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറും. ഐ.എം.എ ദേശീയ പ്രസിഡന്റ് ആയിരുന്നു. മികച്ച ഡോക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ ഇരുപത്തഞ്ചോളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ മേഖലയിൽ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളുടെ ഉടമയാണ്.


 ഡോ.ബി. അശോക്

1998 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥൻ. വിദ്യാഭ്യാസ വിദഗ്ദ്ധൻ, എഴുത്തുകാരൻ, പ്രഭാഷകൻ, കോളമിസ്റ്റ് എന്നീ നിലകളിൽ പ്രഗല്ഭൻ. വെറ്ററിനറി സർവകലാശാലയുടെ ആദ്യ വൈസ്ചാൻസലറായിരുന്നു. നിലവിൽ ഊർജ, ജലവിഭവ വകുപ്പുകളുടെ സെക്രട്ടറി. മസൂറിയിലെ നാഷണൽ അക്കാഡമി ഒഫ് അഡ്‌മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു.

ഗിരിജാ സേതുനാഥ്

പ്രശസ്ത സാഹിത്യകാരി. സാഹിത്യ അക്കാഡമി അംഗവും ചലച്ചിത്ര അക്കാഡമി അംഗവും ആയിരുന്നു.. ഇപ്പോൾ സെൻസർ ബോർഡ് അംഗം. അബുദാബി മലയാളി സമാജം അവാർഡ്, ടി.എൻ. ഗോപിനാഥൻ നായർ പുരസ്‌കാരം, സഹൃദയവേദി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ദിവ്യ എസ്. അയ്യർ

2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥ. തിരുവനന്തപുരം ജില്ലാ സബ്കളക്ടറായിരുന്നു. സ്വർണ മെഡലോടെ എം.ബി.ബി എസ് പാസായി. ദിവ്യയുടെ 'പാത്ത് ഫൈൻഡർ' എന്ന പുസ്തകം സിവിൽ സർവീസ് പരീക്ഷാ‌ർത്ഥികൾക്ക് വഴികാട്ടിയാണ്.