തിരുവനന്തപുരം: മൂന്നുദിവസത്തെ ഭക്തനിർഭരമായ ഘോഷയാത്രയ്ക്കൊടുവിൽ നവരാത്രിവിഗ്രഹങ്ങൾ അനന്തപുരിയിലെത്തി. 26ന് പദ്മനാഭപുരത്തു നിന്ന് ആരംഭിച്ച ഘോഷയാത്രയെ ഇന്നലെ സന്ധ്യയ്ക്ക് തലസ്ഥാനം ഭക്ത്യാദരപൂർവം വരവേറ്റു. കരമന നിന്ന് ഭക്തരുടെ ആവേശത്തേരിലേറിയാണ് ഘോഷയാത്ര കിഴക്കേകോട്ടയിലെത്തിയത്. ആനപ്പുറത്ത് സരസ്വതി ദേവിയും വേലുത്തമ്പി ദളവ നടയ്ക്കുവച്ച വെള്ളിക്കുതിരപ്പുറത്ത് കുമാരസ്വാമിയും പല്ലക്കിൽ ശുചീന്ദ്രം മുന്നൂറ്റിനങ്കയെയുമാണ് പൂജയ്ക്കിരുത്താൻ എഴുന്നള്ളിച്ചത്. കിഴക്കേകോട്ടയിലെത്തിയ ഘോഷയാത്രയെ രാജകുടുംബാംഗങ്ങൾ ആചാരപരമായി വരവേറ്റു. ഇന്ന് രാവിലെ നവരാത്രി മണ്ഡപത്തിലും മറ്റ് ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളെ പൂജയ്ക്കിരുത്തും.
ഇന്നലെ രാവിലെ നെയ്യാറ്റിൻകര നിന്ന് ആരംഭിച്ച എഴുന്നള്ളത്തിന് നഗരാതിർത്തിയായ നേമത്ത് റവന്യൂവകുപ്പിന്റെ സ്വീകരണം ഉണ്ടായിരുന്നു. തുടർന്ന് കരമന ആവടിഅമ്മൻ കോവിലിലെത്തിച്ച വിഗ്രഹങ്ങൾക്ക് ഇറക്കിപൂജയും സരസ്വതിദേവിക്ക് ആറാട്ടും നടത്തി. ഇവിടെ നിന്ന് കുമാരസ്വാമിയെ അലങ്കരിച്ച വെള്ളിക്കുതിരപ്പുറത്ത് എഴുന്നള്ളിച്ചു. വൈകിട്ട് കിള്ളിപ്പാലത്തെത്തിയ ഘോഷയാത്രയ്ക്ക് ഭക്തർ കമനീയമായ വരവേല്പാണ് നൽകിയത്. ചാല കമ്പോളത്തിൽ ഭക്തജനത്തിരക്കും തൃക്കൺചാർത്തും മൂലം ഘോഷയാത്ര സാവധാനമാണ് നീങ്ങിയത്. വിവിധ നവരാത്രി സംഘടനകളുടെ പ്രതിനിധികൾ സ്വീകരിക്കാനെത്തിയിരുന്നു. ഘോഷയാത്രയിൽ അകമ്പടിയായി കൊണ്ടുവന്ന ഉടവാൾ നവരാത്രിമണ്ഡപത്തിന് മുന്നിൽ രാജകുടുംബം സ്ഥാനി മൂലം തിരുനാൾ രാമവർമ ഏറ്റുവാങ്ങി. സരസ്വതിദേവിക്ക് പദ്മതീർത്ഥക്കുളത്തിൽ അഭിഷേകം നടത്തി. വിഗ്രഹത്തെ നവരാത്രിമണ്ഡപത്തിലെ നല്ലിരുപ്പ് മുറിയിലാണ് പൂജയ്ക്കിരുത്തിയത്. ഇന്ന് രാവിലെ നവരാത്രിമണ്ഡപത്തിൽ ഉടവാളിനൊപ്പം വിഗ്രഹവും പൂജയ്ക്കിരുത്തും. കോട്ടയ്ക്കകം വരെ കൊണ്ടുവന്ന വേളിമല കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലേക്കും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലേക്കും കൊണ്ടുപോയി. കവടിയാർ കൊട്ടാരത്തിലെ പൂയംതിരുനാൾ ഗൗരി പാർവതിഭായി, അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായി, അവിട്ടം തിരുനാൾ ആദിത്യവർമ, നവരാത്രി ട്രസ്റ്റ് ഭാരവാഹികളായ ആർ.രാജരാജവർമ, ഡി.വെങ്കിടേശ്വര അയ്യർ എന്നിവർ സ്വീകരിക്കാനെത്തിയിരുന്നു. ഒക്ടോബർ 8നാണ് പൂജയെടുപ്പ്. 9ന് വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. 10ന് മാതൃക്ഷേത്രങ്ങളിലേക്കുള്ള മടക്കയാത്ര പുറപ്പെടും.