02

ശ്രീകാര്യം: തിരുവനന്തപുരം നഗരസഭ ഉള്ളൂർ സോണൽ ഒാഫീസിൽ ഗുണ്ടാ ആക്രമണം. കോർപറേഷന്റെ ഉള്ളൂർ സോണൽ ഓഫീസിൽ ഇന്നലെ വൈകിട്ട് 4.30 നാണ് സംഭവം. ജീവനക്കാരെയും ഓഫീസ് ഉപകരണങ്ങളും അടിച്ചു തകർത്തു. നഗരസഭ ഹെൽത്ത് വിഭാഗത്തിൽ ആവശ്യവുമായെത്തിയ ബാപ്പുജി നഗറിലെ കുപ്രസിദ്ധ ഗുണ്ടയായ ദീപു അപേക്ഷ നൽകാനായി എത്തിയിരുന്നു. എന്നാൽ സമയം കഴിഞ്ഞു ജീവനക്കാർ പോയതിനാൽ അടുത്ത ദിവസം വരാൻ ജീവനക്കാർ പറഞ്ഞു. എന്നാൽ തനിക്ക് ഇപ്പൊത്തന്നെ സർട്ടിഫിക്കറ്റ് വേണമെന്ന് ശാഠ്യം പിടിക്കുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ജീവനക്കാരെ മർദ്ദിക്കുകയും കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ അടിച്ചു തകർക്കുകയുമായിരുന്നു. ദീപുവിന്റെ അച്ഛന്റെ മരണ സർട്ടിഫിക്കറ്റിന്റെ ആവശ്യവുമായാണ് സോണൽ ഓഫീസിൽ എത്തിയത്. ഓഫീസിൽ മദ്യപിച്ചെത്തിയ ദീപു യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് ജീവനക്കാർ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ അനിൽകുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും രാകേഷിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണം അറിഞ്ഞയുടൻ കൗൺസിലർമാരായ ജോൺസൻ ജോസഫ്, ശാലിനി, അലത്തറ അനിൽകുമാർ, ജീവനക്കാരുടെ സംഘടനാ നേതാക്കളായ എസ്.എസ്. മിനു, ബോബൻ, സജീവ് എന്നിവർ സോണൽ ഓഫീസിലെത്തി. ശ്രീകാര്യം, പോങ്ങുംമൂട് പ്രദേശങ്ങളിൽ അറിയപ്പെടുന്ന ഗുണ്ടയും കൊലക്കേസ് പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയുമാണ് ദീപു. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ഉച്ചയ്ക്ക് ഉള്ളൂർ സോണൽ ഓഫീസിൽ പ്രതിഷേധ യോഗം ചേരുമെന്ന് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ യൂണിറ്റ് സെക്രട്ടറി എസ്. സജീവ് അറിയിച്ചു.