തിരുവനന്തപുരം: സായുധ പൊലീസിന്റെ അകമ്പടിയിൽ ശീവേലി എഴുന്നള്ളത്ത്. മേളക്കൊഴുപ്പ് പകർന്നത് പൊലീസ് ബാൻഡ്. മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഈ പ്രത്യേകത ആര്യശാല ദേവീക്ഷേത്രത്തിൽ മാത്രമാണുള്ളത്. നവരാത്രി ഉത്സവം നടക്കുമ്പോൾ ഓരോ ദിവസവും ദേവിയുടെ എഴുന്നള്ളത്തിന് പൊലീസിന്റെ അകമ്പടിയും ബാൻഡും ഉണ്ടാകും.
ദേവിയുടെ തിടമ്പേറ്റി ശാന്തി ചുറ്റമ്പലത്തിനു പുറത്തിറങ്ങുമ്പോൾ സായുധ പൊലീസ് സംഘം ഗാർഡ് ഒഫ് ഓണർ നൽകി അനുഗമിക്കും. എഴുന്നള്ളത്ത് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴുമാണ് പൊലീസ് ബാൻഡ്.

കെ.എ.പി ഫസ്റ്റ് ബറ്റാലിയൻ സബ് ഇൻസ്പെക്ടർ വിനുവിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ ഗാർഡ് ഒഫ് ഓണർ. ഫിഫ്‌ത്ത് ബറ്റാലിയൻ മാസ്റ്റർ ജോൺസലിന്റെ നേതൃത്വത്തിലായിരുന്നു ബാൻഡ്.

തമിഴ്നാടിലെ കുമാരകോവിലിൽ നിന്നു കൊണ്ടുവരുന്ന കുമാരസ്വാമിയെയും വെള്ളിക്കുതിരയെയും നവരാത്രി നാളുകളിൽ പ്രതിഷ്ഠിക്കുന്നത് ആര്യശാല ദേവീക്ഷേത്രത്തിലാണ്. കുമാരസ്വാമി ആര്യശാല എത്തിയാൽ ഇരിക്കുന്നത് പാർവതിദേവിക്കു മുന്നിൽ. പാർവതി ദേവിയെ കാണാനും ഒന്നിച്ചിരിക്കാനുമായി കുമാരകോവിലിൽ നിന്നു മകനായ കുമാരൻ (മുരുകൻ) നവരാത്രി ആഘോഷം തുടങ്ങുന്നതിനു മുമ്പ് ആര്യശാല ക്ഷേത്രത്തിൽ എത്തുന്നു എന്ന വിശ്വാസവും ഇതിനുണ്ട്. കുമാരസ്വാമിക്ക് അകമ്പടി സേവിച്ച് എത്തുന്നവരും തിരിച്ചെഴുന്നള്ളുന്നതുവരെ ആര്യശാല ക്ഷേത്രത്തിൽ തങ്ങും. അകമ്പടിക്കാരായ പൊലീസും ക്ഷേത്രത്തിൽ തന്നെയുണ്ടാകും.
മകന് കാവൽക്കാരായി എത്തിയവർ അമ്മ പുറത്തിറങ്ങുമ്പോൾ ആചാരപരമായി ബഹുമാനിക്കുന്ന ചടങ്ങാണ് പൊലീസ് ബാൻ‌ഡും ഗാർഡ് ഒഫ് ഓണറും എന്ന് ക്ഷേത്രം നവരാത്രി ആഘോഷ ട്രസ്റ്റ് സെക്രട്ടറി എസ്.ആർ. രമേശ് പറഞ്ഞു. രാവിലെ ഏഴ്, ഉച്ചയ്ക്ക് 12, രാത്രി 8 എന്നീ സമയങ്ങളിലാണ് ക്ഷേത്രത്തിലെ എഴുന്നള്ളത്ത്. ഈ വിശ്വാസത്തിന് ചരിത്രത്തിന്റെ പിൻബലം കൂടിയുണ്ട്. തലസ്ഥാന നഗരത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ആര്യശാല ദേവീക്ഷേത്രത്തിൽ പണ്ട് ഗാർഡ് ഒഫ് ഓണർ നൽകിയിരുന്നത് തിരുവിതാംകൂറിലെ ഭടന്മാരായിരുന്നു. സംസ്ഥാന രൂപീകരണത്തിനു ശേഷം ഈ പതിവു നിന്നു. 2004ലാണ് ഗാർഡ് ഒഫ് ഓണർ വീണ്ടും നൽകാൻ സർക്കാർ തീരുമാനിച്ചത്.