തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഒന്നേകാൽ ലക്ഷം ഫയലുകൾ തീർപ്പാക്കാനുള്ള തീവ്രയജ്ഞം രണ്ട് മാസമായിട്ടും എങ്ങുമെത്താതെ നിൽക്കുന്നതിനിടെ കൂനിന്മേൽ കുരുവെന്ന പോലെ സാങ്കേതികപ്രശ്‌നങ്ങളും ഉദ്യോഗസ്ഥർക്ക് തലവേദനയാകുന്നു. സെക്രട്ടേറിയറ്റിൽ ഉപയോഗിക്കുന്ന കേന്ദ്രീകൃത സോഫ്‌ട്‌വെയറായ ഇ- ഓഫീസ് ആണ് വില്ലനായി മാറിയിരിക്കുന്നത്.രണ്ട് ദിവസം മുമ്പ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർ പരാതിയായി ഇക്കാര്യം ചൂണ്ടിക്കാട്ടി.
ഫയലുകളുടെ എണ്ണം പരിശോധിക്കുമ്പോൾ ഇ-ഓഫീസ് പ്രകാരമുള്ള കണക്കും സെക്ഷനിലെ ഫയലുകളുടെ യഥാർത്ഥ എണ്ണവും തമ്മിലുള്ള അന്തരമാണ് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇ -ഓഫീസ് ഉപയോഗപ്പെടുത്തുന്ന രീതിയിലുള്ള അപാകതയും ഈ സംവിധാനത്തിന്റെ പോരായ്‌മയുമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. ഇതേത്തുടർന്ന് ഇ-ഓഫീസിന്റെ നടത്തിപ്പുകാരായ കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്ററിനെ (എൻ.ഐ.സി) ബന്ധപ്പെട്ട് എത്രയുംവേഗം പ്രശ്നം പരിഹരിക്കാനുള്ള മാർഗങ്ങൾ ആരായാൻ സെക്രട്ടറി നിർദ്ദേശിച്ചിരിക്കുകയാണ്.
ഫയൽ തീർപ്പാക്കൽ യജ്ഞം ഊർജ്ജിതമായി നടപ്പാക്കുന്നതിന് അദാലത്തുകളും അവലോകനയോഗങ്ങളും നടത്തുന്ന കാര്യത്തിൽ വകുപ്പുകളുടെ നോഡൽ ഓഫീസർമാർ ജാഗ്രത പുലർത്തണമെന്നും ലൈൻ ഡിപ്പാർട്ട്മെന്റുകളുടെ പ്രവർത്തനങ്ങൾ ക്യത്യമായി വിലയിരുത്തി വേണ്ട മാർഗനിർദ്ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ നൽകണമെന്നും സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്. പുരോഗതി റിപ്പോർട്ട് രണ്ടാഴ്ചയിലൊരിക്കൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന് നൽകുന്നതിൽ വീഴ്ചയുണ്ടാകരുതെന്നും സെക്രട്ടറി വ്യക്തമാക്കി.
ഇ - ഓഫീസ്
സർക്കാർ ഓഫീസുകളിൽ ഫയൽ രൂപീകരണം, ഫയൽ തുടർനടപടികൾ, ഉത്തരവുകൾ പുറപ്പെടുവിക്കൽ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിന് 2014ൽ കൊണ്ടുവന്ന സോഫ്‌ട്‌വെയറാണ് ഇ-ഓഫീസ്.
ജനങ്ങൾക്ക് ഫയലുകളുടെ സ്ഥിതി അറിയാനും സർക്കാർ ഉത്തരുവുകൾ തിരയാനും കാണുവാനും വിവിധ സർക്കാർ വകുപ്പുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകാനും ഇതിലൂടെ കഴിയും.
എന്നാൽ ഇതിന്റെ പ്രവർത്തനത്തിലുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ ഉദ്യോഗസ്ഥരെ കുഴക്കുന്നത്.