കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസുകൾ പുറത്തേക്കിറങ്ങുന്ന വഴി യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. അലക്ഷ്യമായി ബസ് സ്റ്റേഷന് മുന്നിലെ റോഡിൽ ഇരുവശത്തും ഉള്ള വാഹന പാർക്കിംഗ് ആണ് പ്രധാനമായും അപകടമുണ്ടാക്കുന്നത്. എന്നാൽ ഇത് തടയാൻ അധികൃതർ ആരും മിനക്കെടുന്നില്ല.
പ്രധാന റോഡിന്റെ ഇരു വശത്തും അലക്ഷ്യമായുള്ള പാർക്കിംഗ് കൂടാതെ അനധികൃത വഴിയോര കച്ചവടവും കൂടിയാകുമ്പോൾ ബസ് സ്റ്റേഷനിലേക്ക് ആളുകൾക്ക് പ്രവേശിക്കാൻ കഴിയാറില്ല. ബസ് പുറത്തേക്കിറങ്ങി വന്നാലും പ്രധാന റോഡിലെ കുരുക്കും കച്ചവടവും കാരണം കാൽ നടയാത്രക്കാർക്ക് ഓടി മാറാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.
മാസങ്ങൾക്ക് മുൻപ് ഡിപ്പോയിൽ നിന്നും ഇറങ്ങിയ ബസ് ബ്രേക്ക് നഷ്ടപ്പെട്ട് മുൻവശത്തെ ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറിയിരുന്നു. തലനാരിഴയ്ക്കാണ് ഇവിടുത്തെ ജീവനക്കാർ രക്ഷപ്പെട്ടത്. മാത്രമല്ല, ഈ സമയം യാത്രാക്കാർ ബസ് നിയന്ത്രണം വിട്ടുവരുന്നത് കണ്ട് ഓടിമാറിയതും വൻ ദുരന്തം ഒഴിവാക്കി. ചിലപ്പോൾ ഡിപ്പോയിലെ സെക്യുരിറ്റി ജീവനക്കാർ ബസ് സ്റ്റേഷന് മുന്നിലെ വാഹനം മാറ്രാൻ ആവശ്യപ്പെട്ടാലും ചിലർ ഇവരെ ഭീഷണിപ്പെടുത്തുന്നതായും സെക്യൂരിറ്റി ജീവനക്കാർ പറയുന്നു.