കാട്ടാക്കട: നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ശിശുവികസന ഓഫീസിൽ പ്രതിഷേധം. സീനിയോറിറ്റി മറികടന്ന് നിയമനം നടത്തി എന്നാരോപിച്ചാണ് കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിതയും ഗ്രാമ പഞ്ചായത്തംഗങ്ങളും ചേർന്ന് ശനിയാഴ്ച വെള്ളനാട് ശിശുവികസന പദ്ധതി ഓഫീസറെ ഉപരോധിച്ചത്.
കാട്ടാക്കട പഞ്ചായത്തിൽ 42 നമ്പർ അംഗൻവാടിക്ക് വസ്തു വിട്ടു നൽകിയ ആൾക്ക് നിയമനം നൽകാതെ സീനിയോറിറ്റിയും മറികടന്ന് പൂവച്ചൽ പഞ്ചായത്തിലെ മൂന്നുപേർക്ക് നിയമനം നൽകിയതാണ് വിവാദമായത്. 2012 ൽ ഭൂമി വിട്ടുകിട്ടിയതോടെ കെട്ടിടം നിർമ്മിച്ച് ഉദ്ഘാടനവും കഴിഞ്ഞു. എന്നാൽ വ്യവസ്ഥകൾ പ്രകാരം ഭൂമി നൽകിയ ആൾക്ക് നിയമനം നൽകിയില്ല. അതേ സമയം പൂവച്ചലിൽ ഒരു വർക്കർ മരണപ്പെട്ടത്തിനെ തുടർന്ന് ആശ്രിത നിയമനം കാട്ടാക്കട പഞ്ചായത്തിൽ നൽകിയിരുന്നു. അടുത്ത് പൂവച്ചൽ പഞ്ചായത്തിൽ ഒഴിവ് വരുമ്പോൾ 42 നമ്പർ അംഗൻവാടിക്ക് ഭൂമി നൽകിയ ആളെ പരിഗണിക്കാം എന്ന് പറഞ്ഞെങ്കിലും ഇത് നടപ്പായില്ല. 24 തീയതി ബ്ലോക്കിൽ നടന്ന വെൽഫെയർ കമ്മിറ്റി മീറ്റിംഗിൽ ഒഴിവില്ലെന്ന് പറയുകയും 20ാം തീയതി വച്ചു മൂന്നുപേരുടെ നിയമന ഉത്തരവ് ഇറക്കുകയുമാണ് ചെയ്തത്. മാനദണ്ഡങ്ങൾ മറികടന്ന് നിയമനം നടത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. ജന പ്രതിനിധികൾ എത്തി പ്രതിഷേധിച്ചെങ്കിലും സി.ഡി.പി.ഒ കൊല്ലത്താണെന്ന മറുപടിയാണ് ലഭിച്ചത്.
ഒടുവിൽ ജില്ലാതലത്തിൽ ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയതിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തി നിയമനം റദ്ദ് ചെയ്തു.