തിരുവനന്തപുരം: ഇന്നലെ പുലർച്ചെ അന്തരിച്ച മുൻ ഇന്ത്യൻ അംബാസഡറും വിദേശകാര്യ സെക്രട്ടറിയുമായ കെ.പി.എസ്. മേനോൻ ജൂനിയറിന് (90) തലസ്ഥാനം വിടനൽകി. സംസ്‌കാരം ഇന്നലെ ഉച്ചയ്ക്ക് 1.30ന് തൈക്കാട് ശാന്തികവാടത്തിൽ നടന്നു.
ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറിയും എഴുത്തുകാരനുമായ കെ.പി.എസ് മേനോന്റെയും സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏകമലയാളി പ്രസിഡന്റുമായിരുന്ന സി.ശങ്കരൻ നായരുടെ മകൾ പാലാട്ട് സരസ്വതിയമ്മയുടെയും മകനാണ് 1951 ബാച്ചിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ കിഴക്കേപാലാട്ട് ശങ്കരമേനോൻ എന്ന കെ.പി.എസ് മേനോൻ ജൂനിയർ. 1970 മുതൽ വിദേശകാര്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു.
1987-89ൽ രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെയാണ് വിദേശകാര്യ സെക്രട്ടറിയായത്. ഈ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് അദ്ദേഹം. ജപ്പാൻ, ചൈന, ബംഗ്ലാദേശ്, ഈജിപ്ത്, ഹംഗറി എന്നിവടങ്ങളിൽ ഇന്ത്യൻ അംബാസഡറായി. ഡൽഹി വിദേശകാര്യ മന്ത്രാലയത്തിൽ പ്രചാരണവിഭാഗം ഡയറക്‌ടറും ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
ലളിതാംബികയാണ് ഭാര്യ. ശിവരാമമേനോൻ, ശിവശങ്കരമേനോൻ, സിദ്ധാർത്ഥ് മേനോൻ എന്നിവർ മക്കളും പ്രതിഭ, അഞ്ജന എന്നിവർ മരുമക്കളുമാണ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന് കവടിയാർ ജസിന്തിൽ നടക്കും.