തിരുവനന്തപുരം:പ്രളയക്കെടുതി നേരിടുന്ന ബിഹാറിലെ ജനങ്ങൾക്ക് ആവശ്യമെങ്കിൽ സഹായമെത്തിക്കാൻ സന്നദ്ധമാണെന്ന് കേരളം ബിഹാർ സർക്കാരിനെ അറിയിച്ചു. മുഖ്യമന്ത്റി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ.സമ്പത്താണ് ബിഹാർ സർക്കാരുമായും പട്ന ജില്ലാ ഭരണസംവിധാനവുമായും ബന്ധപ്പെട്ടത്. ചീഫ് സെക്രട്ടറി ടോം ജോസ് ബിഹാർ ചീഫ് സെക്രട്ടറി ദീപക് കുമാറിനെയും ബന്ധപ്പെട്ടിട്ടുണ്ട്. പ്രളയത്തിൽപ്പെട്ട മലയാളികൾക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ബിഹാർ ചീഫ് സെക്രട്ടറി ഉറപ്പുനൽകിയിട്ടുണ്ട്.
അതിവർഷം മൂലം ബിഹാറിലെയും യു.പിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. റോഡ്, റെയിൽ ഗതാഗതം തടസപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു. അടുത്ത ദിവസങ്ങൾക്കിടയിൽ നാല്പതിലേറെ പേർ മരണപ്പെട്ടു. മലയാളികൾക്കാർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് സംസ്ഥാന സർക്കാറിന് ലഭിച്ച വിവരം. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കാനാണ് ഇപ്പോൾ ദുരന്ത പ്രതികരണ സേനയും മറ്റ് ഏജൻസികളും ശ്രമിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റയും യു.പിയിലെയും ബിഹാറിലെയും അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. മലയാളി കുടുംബങ്ങളുടെ കാര്യങ്ങൾ അന്വേഷിച്ച് ആവശ്യമായ സഹായം ലഭ്യമാക്കാൻ നോർക്ക വകുപ്പിനോട് മുഖ്യമന്ത്റി നിർദ്ദേശിച്ചിട്ടുണ്ട്.