വെള്ളറട: വിദേശത്ത് വാഹനാപകടത്തിൽപ്പെട്ട് മരണമടഞ്ഞ കുന്നത്തുകാൽ കോട്ടുക്കോണം സ്വദേശി സ്റ്റാന്റ്ലി ജോണിന്റെ കുടുംബാംഗങ്ങൾക്ക് റിയാദ് കേളി സാംസ്കാരിക വേദി സമാഹരിച്ച ധനസഹായം കൈമാറി. കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എയാണ് ധനസഹായം സ്റ്റാന്റിലി ജോണിന്റെ കുടുംബാംഗങ്ങൾക്ക് നൽകിയത്. അഞ്ചുലക്ഷത്തി എൻപത്തിയേഴായിരം രൂപ സ്റ്റാന്റിലി ജോണിന്റെ ഭാര്യ റോസാമ്മയ്ക്കും സ്കൂൾ വിദ്യാർത്ഥികളായ രണ്ടുമക്കളുടെ പേരിലും ബാങ്കിൽ നിക്ഷേപിച്ചതിന്റെ പാസ് ബുക്കുകളും കൈമാറി.
സൗദി അറേബ്യയിലെ റിയാദിൽവച്ചുണ്ടായ വാഹന അപകടത്തിലാണ് സ്റ്റാന്റിലി ജോൺ മരണപ്പെട്ടത്. സി.പി.എം വെള്ളറട ഏരിയ കമ്മിറ്റി സെക്രട്ടറി ഡി.കെ. ശശി, ഏരിയ കമ്മിറ്റി അംഗം വിനോദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സോമശേഖരൻ നായർ, ആനാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. പരമേശ്വരപിള്ള, കേളി രക്ഷാധികാരി ഉണ്ണികൃഷ്ണൻ, മറ്റു ഭാരവാഹികളായ ബേബി, നാരായണൻ, പ്രയേഷ്, തവനൂർ ഹംസ, സുരേഷ് , ചാന്നാങ്കര ഹംസ, പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് അംഗം ഷീബാറാണി, ഗ്രാമപഞ്ചായത്ത് അംഗം ലതാബാലൻ, ശ്രീകല തുടങ്ങിയവർ സംസാരിച്ചു.