vld-3

വെള്ളറട: സ്കൂൾ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്തശേഷം കൂട്ടുകാരുമൊത്ത് പൂവാർ പൊഴിക്കരയിൽ കുളിക്കവെ മുങ്ങിമരിച്ച വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥി വേങ്കോട് വടക്കിൻകര ശരത് ഭവനിൽ ഷാജി കുമാർ, ബിന്ദു ദമ്പതികളുടെ മകൻ അജിത്ത് (15 ) ന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. മൃതദേഹം ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം വിലാപയാത്രയായി കൊണ്ടുവന്ന് കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

രാവിലെ കാരക്കോണത്തുനിന്ന് വിലാപയാത്രയായി കൊണ്ടുവരുന്ന മൃതദേഹം പത്തുമണിയോടെ അജിത്ത് പഠിച്ചിരുന്ന സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും. അജിത്തിന്റെ മരണവാർത്ത യറിഞ്ഞ് സഹപാഠികളും അദ്ധ്യാപകരും നാട്ടുകാരും ഇന്നലെ വീട്ടിൽ എത്തിയിരുന്നു. ശനിയാഴ്ച പാറശാല സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ പാറശാല ചെറുവാരക്കോണം എൽ. എം. എസ് സ്കൂളിലേക്ക് പോയതാണ് അജിത്ത് . മത്സരത്തിൽ പരാജയപ്പെട്ട അജിത്തിന്റെ ടീം അംഗങ്ങൾ പൊഴിയൂർ പൊഴിക്കരയിലേക്ക് പോവുകയായിരുന്നു. അവിടെ കുളിക്കുന്നതിനിടെ ചുഴിയിൽപ്പെട്ടു.