തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ വിദേശകാര്യ സെക്രട്ടറി കെ.പി.എസ് മേനോൻ ജൂനിയർ ആ പദവിയിലെത്തിയപ്പോൾ ഒരു ചരിത്രം കൂടിയാണ് സൃഷ്ടിക്കപ്പെട്ടത്- അച്ഛനും മകനും വിദേശകാര്യ സെക്രട്ടറിയായതിന്റെ അപൂർവ ചരിത്രം. ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ വിദേശകാര്യ സെക്രട്ടറി ജനറലായിരുന്ന എൻ.രാഘവൻപിള്ളയ്ക്കു ശേഷമാണ് ഈ തസ്തിക വിദേശകാര്യ സെക്രട്ടറി എന്നായത്. അതിനുശേഷം ചുമതലയേറ്റ മൂന്നാമത്തെ മലയാളിയായിരുന്നു കെ.പി.എസ് മേനോൻ ജൂനിയർ. അച്ഛൻ കെ.പി.എസ് മേനോനും എ.പി.വെങ്കിടേശ്വരനും ആയിരുന്നു മറ്റു രണ്ട് മലയാളികൾ.
രമേശ് ബണ്ഡാരി വിദേശകാര്യ സെക്രട്ടറി പദം ഒഴിഞ്ഞപ്പോൾ സീനിയർ ആയിരുന്നത് കെ.പി.എസ് ജൂനിയർ ആയിരുന്നെങ്കിലും സ്ഥാനം ലഭിച്ചത് എ.പി.വെങ്കിടേശ്വരനാണ്. വിരമിക്കാൻ നൂറു ദിവസം ബാക്കിയുള്ളപ്പോഴാണ് രണ്ടു വർഷത്തെ കാലാവധി നൽകി വിദേശകാര്യ സെക്രട്ടറി ആയി കെ.പി.എസ് മേനോൻ ജൂനിയറിന്റെ നിയമനം. വിരമിക്കുന്നവർക്ക് കാലാവധി നീട്ടിനൽകില്ലെന്ന പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ നിലപാട് അദ്ദേഹത്തിനു വേണ്ടി വഴിമാറി.
മലയാളിയാണെങ്കിലും പെഷവാറിലാണ് കെ.പി.എസ് മേനോൻ ജൂനിയർ ജനിച്ചത്. ഡൂൺ സ്കൂളിലും ഡൽഹി സെന്റ് സ്റ്റീഫൻസിസിലും ഓക്‌സ്‌ഫോർഡിലും പഠിച്ച അദ്ദേഹം 1951ൽ വിദേശകാര്യ സർവീസിൽ ചേർന്നു. അച്‌ഛനെപ്പോലെ, ചൈനയിൽ അംബാസഡറായിരിക്കെയാണ് ജൂനിയറും വിദേശകാര്യ സെക്രട്ടറിയായത്. നേരത്തേ പാരീസിലും ലണ്ടനിലും ഫസ്റ്റ് സെക്രട്ടറിയായിരുന്നു. കെ.പി.എസിന്റെ സഹോദരി മാലിനിയുടെ മകനാണ് മുൻ വിദേശകാര്യ സെക്രട്ടറി ശിവശങ്കർ മേനോൻ. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമാണ് കെ.പി.എസ്.മേനോൻ സീനിയറിനും കുടുംബത്തിനും ഉണ്ടായിരുന്നത്.നെഹ്റുവിന്റെ മരണശേഷം കെ.പി.എസിന്റെ വീട്ടിൽ ഇന്ദിരാഗാന്ധി കുറച്ചുകാലം കഴിയുകയും ചെയ്തു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ.എസ്.ശബരിനാഥൻ എം.എൽ.എ, മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മേയർ വി.കെ.പ്രശാന്ത്, ടി.പി.ശ്രീനിവാസൻ, പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമലവർദ്ധന റാവു, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവൻ, കവയിത്രി സുഗതകുമാരി തുടങ്ങി നിരവധി പ്രമുഖർ കെ.പി.എസ് മേനോൻ ജൂനിയറിന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.