നെയ്യാറ്റിൻകര: കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഇടിവെട്ടി പെയ്തിറങ്ങിയ മഴയിൽ നെയ്യാറ്റിൻകര ടൗൺ വെള്ളത്തിനടിയിലായി. ഉച്ചക്ക് 2 മുതൽ ഏതാണ്ട് 4 വരെ പെയ്ത പേമാരിയിൽ ആലുംമൂട് ജംഗ്ഷനിലെ റോഡ് പൂർണമായി വെള്ളത്തിനടിയിലായി. റോഡിന് ഇരുവശത്തുമുള്ള കടകളിലും മഴ വെള്ളം കയറിയതിനെ തുടർന്ന് കടകൾ അടച്ചിട്ടു. ഈ സമയമത്രയും റോഡ്ഗതാഗതം പൂർണമായും സ്തംഭിച്ചു. മഴ വെള്ളം കുത്തിയൊലിച്ച് ഓടകൾ നിറഞ്ഞ് കവിഞ്ഞതാണ് റോഡിൽ വെള്ളപ്പൊക്കമുണ്ടാകാൻ കാരണം.
ജംഗ്ഷനിൽ വെള്ളക്കെട്ട് ഉണ്ടായതോടെ വാഹനങ്ങൾ ബസ്റ്റാൻഡ് ജംഗ്ഷനിൽ നിന്നും ഓലത്താന്നി വഴി തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടു.
ആലുമ്മൂട് ജംഗ്ഷനിലെ വ്യാപാരസ്ഥാപങ്ങളിൽ വെള്ളം കയറിയത് കാരണം നാശനഷ്ടമുണ്ടായതായി വ്യാപാരികൾ പറയുന്നു. പിരായുംമൂട്, പെരുമ്പഴുതൂർ, മാരായമുട്ടം പ്രദേശങ്ങളിലെ ഹെക്ടർ കണക്കിന് കൃഷിയിടങ്ങളും വെള്ളത്തിനടിയലായി. നാശ നഷ്ടം കണക്കാക്കിയിട്ടില്ല.