തിരുവനന്തപുരം: പാലാ ഒറ്റപ്പെട്ട സംഭവമാണെന്നും പാലായിലെ യു.ഡി.എഫിന്റെ തോൽവി സംസ്ഥാന രാഷ്ട്രീയത്തിന്റെ വിലയിരുത്തലായി കാണാനാകില്ലെന്നും വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാർ. തിരുവനന്തപുരം പ്രസ്‌ ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ് ക്ളബ് പ്രസിഡന്റ് സോണിച്ചൻ പി. ജോസഫ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിലെ വിവാദം പുതുമയുള്ള സംഭവമല്ല. എതിർപ്പ് പ്രകടിപ്പിക്കുന്നവർ പിന്നീട് പിന്തുണയ്ക്കാറുമുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇലക്‌ഷനെ സമീപിക്കുന്നത്. സമകാലിക സംഭവ വികാസങ്ങളോടുള്ള ജനങ്ങളുടെ വിലയിരുത്തലും സംസ്ഥാന ഭരണത്തിനെതിരായ വിധിയെഴുത്തുമായിട്ടാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. സുപ്രീംകോടതി വിധികളോടുള്ള സംസ്ഥാന സർക്കാരിന്റെ വ്യത്യസ്ത നിലപാട് ജനങ്ങൾക്കിടയിൽ ചർച്ചയാണ്. ശബരിമല വിഷയം കൈകാര്യംചെയ്ത പോലെയല്ല സർക്കാർ മരടിൽ നിലപാടെടുക്കുന്നത്. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയമായ വട്ടിയൂർക്കാവ് മണ്ഡലത്തിൽ വിജയിച്ചാൽ നഗരവികസനത്തിന് ഊന്നൽ നൽകും- മോഹൻകുമാർ പറഞ്ഞു.

പാലായിലെ വിജയമഴ വട്ടിയൂർക്കാവിലും : വി.കെ. പ്രശാന്ത്

തിരുവനന്തപുരം: പാലായിലെ വിജയമഴ വട്ടിയൂർക്കാവിലും പെയ്യുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടെയും പ്രവർത്തന മികവും യുവജനങ്ങൾക്ക് ഇടയിലെ സ്വീകാര്യതയും തുണയ്ക്കും. വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ പിന്തുണ പ്രതീക്ഷിക്കുന്നു. പ്രളയസമയത്ത് മാതൃകാപരമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതും ഗുണം ചെയ്യും. സ്ഥാനാർത്ഥിത്വം മുന്നിൽ കണ്ടായിരുന്നു ദുരിതാശ്വാസ പ്രവർത്തനമെന്ന ആക്ഷേപം ഉന്നയിക്കുന്നവർ ജനങ്ങളെയാണ് അവഹേളിക്കുന്നത്. ദുരിതബാധിതരെ സഹായിക്കേണ്ട കടമയാണ് നിർവഹിച്ചത്. മേയർ എന്ന നിലയിലുള്ള പ്രവർത്തനമികവ് കൂടി പരിഗണിച്ചാണ് സ്ഥാനാർത്ഥിയാക്കിയത്.

മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് എതിരെയുള്ള മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാന്റെ നോട്ടീസിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടോയെന്ന് സംസ്ഥാന സർക്കാർ പരിശോധിക്കണം. ഇലക്‌ഷൻ പ്രഖ്യാപന വേളയിൽ നോട്ടീസയച്ചതിലൂടെ ചെയർമാൻ ഇക്കാര്യത്തിൽ അമിത താത്പര്യം കാണിച്ചുവെന്നും പ്രശാന്ത് പറഞ്ഞു.