sunoj
ഡോ.ആർ.ബി സുനോജും ഭാര്യ വിജയശ്രീയും മകൻ ദർശനും

തിരുവനന്തപുരം: ശാസ്ത്ര, സാങ്കേതിക മേഖലയിൽ രാജ്യത്തെ ഉന്നത പുരസ്‌കാരങ്ങളിലൊന്നായ ശാന്തിസ്വരൂപ് ഭട്നഗറിന്റെ പെരുമ ഇക്കുറി കേരളത്തിലേക്ക്. പേരൂർക്കട ബിനോജ് ഹൗസിൽ ഡോ.ആർ.ബി. സുനോജാണ് ഇത്തവണ പുരസ്‌കാരം നേടിയ രണ്ടു മലയാളികളിൽ ഒരാൾ. രാജ്യത്ത് ആകെ 12 പേർക്കാണ് പുരസ്‌കാരം. കെമിക്കൽ സയൻസ് വിഭാഗത്തിലാണ് മുംബയ് ഐ.ഐ.ടിയിൽ കെമിസ്ട്രി പ്രൊഫസറായ സുനോജിന് പുരസ്‌കാരം.

രാസത്വരകങ്ങളുടെ പ്രതിപ്രവർത്തനങ്ങൾ പഠിക്കാൻ കമ്പ്യൂട്ടേഷണൽ കെമിസ്ട്രി ഉപകരണങ്ങൾ ഉപയോഗിക്കുന്നുവെന്നതാണ് സുനോജിന്റെ ഗവേഷണത്തിന്റെ പ്രത്യേകത. നിരവധി രാജ്യാന്തര ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ ഉപദേശക, പത്രാധിപ സമിതി അംഗമായി പ്രവർത്തിക്കുന്ന സുനോജിന്റെ ഗവേഷണ നേട്ടങ്ങൾക്ക് നിരവധി ദേശീയ,അന്തർദേശീയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ശിശുവിഹാറിലും സെന്റ് ജോസഫ്സിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സുനോജ് യൂണിവേഴ്സ്റ്റി കോളേജിൽ നിന്ന് എം.എസ്‌സി നേടിയത് ഒന്നാം റാങ്കോടെയാണ്. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസസിൽ നിന്ന് ഡോക്ടറേറ്റും അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ നിന്ന് പോസ്റ്റ് ഡോക്ടറേറ്റും നേടിയ ശേഷം 2003 ലാണ് മുംബയ് ഐ.ഐ.ടിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയത്.

വിദേശങ്ങളിൽ ഉൾപ്പെടെ അംഗീകരിക്കപ്പെടുന്ന ശാസ്ത്രപ്രതിഭയായിട്ടും സമൂഹ മാധ്യമങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നയാളാണ് സുനോജ്. അദ്ധ്യയന,ഗവേഷണ ആവശ്യങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുമെന്നല്ലാതെ ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ് എന്നിവയൊന്നും അനിവാര്യമാണെന്നു തോന്നിയിട്ടില്ലെന്ന് സുനോജ് പറയുന്നു. ഭാര്യ വിജയശ്രീ മുംബയ് ഐ.ഐ.ടിയിൽ സിവിൽ എൻജിനിയറിംഗ് വിഭാഗം റിസർച്ച് അസോസിയേറ്റാണ്. മകൻ ദർശൻ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി. സുനോജിന്റെ അമ്മ കെ.വസന്തകുമാരി ദേശീയ പുരസ്‌കാര ജേതാവായ അദ്ധ്യാപികയാണ്.


 പുരസ്‌കാരത്തിലെത്തിച്ച ഗവേഷണം

തന്മാത്രകളുടെ രൂപീകരണത്തിൽ കൈകോർക്കൽ (കൈറാലിറ്റി) എങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ചാണ് സുനോജിന്റെ ഗവേഷണം. ഔഷധ സംയുക്തങ്ങളുടെ ഉത്പാദനത്തിനുള്ള കൂടുതൽ മെച്ചപ്പെട്ട രാസ പ്രതിപ്രവർത്തനങ്ങൾക്ക് ഈ അറിവ് ഉപയോഗിക്കാം. ഓർഗാനിക് കെമിസ്ട്രിയിൽ സുപ്രധാന പ്രതിപ്രവർത്തനങ്ങളുടെ ഫലം പ്രവചിക്കാൻ കമ്പ്യൂട്ടേഷണൽ പഠനങ്ങൾ ഉപയോഗിക്കാം. ഐ.ഐ.ടിയിലെ ലബോറട്ടറിയിൽ പുതിയ കാറ്റലിസ്റ്റുകളുടെ രൂപകൽപ്പനയ്ക്കായി കമ്പ്യൂട്ടേഷണൽ കെമിസ്ട്രിയുടെയും കൃത്രിമ ബുദ്ധിയുടെയും സംയോജനം ഫലപ്രദമായി നിർവഹിച്ച് ഗവേഷണം തുടരുകയാണ് സുനോജ്.