ഇന്ന് ലോകവയോജന ദിനം. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തെ സമ്പൂർണ വയോജന സൗഹൃദ സംസ്ഥാനമാക്കി മാറ്റാനൊരുങ്ങുകയാണ് സർക്കാർ. ഏറ്റവും മികച്ച വയോജന സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്റെ ദേശീയ പുരസ്കാരം കേരളം ഏറ്റുവാങ്ങി. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്താൻ ആവിഷ്കരിച്ച 'വളരുന്ന കേരളം വളർത്തിയവർക്ക് ആദരം" പ്രചാരണ പരിപാടിയാണ് ഈ നേട്ടത്തിന് അർഹമാക്കിയത്.
ഒരു കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നവരാണ് വയോജനങ്ങൾ. ഇന്ന് നമ്മുടെ സമൂഹം അനുഭവിക്കുന്ന എല്ലാ പുരോഗതിക്കും പിന്നിൽ അവരുടെ കഠിനാദ്ധ്വാനം കൂടിയുണ്ട്. പ്രായമായതിന്റെ പേരിൽ അവരെ ഒരിക്കലും മാറ്റി നിറുത്തരുത്. 'അന്തസോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള വയോജനങ്ങളുടെ ഭരണഘടനാപരമായ അവകാശം പാലിക്കപ്പെടണം. ഇതിനായി കേന്ദ്രസംസ്ഥാന സർക്കാരുകൾ ഒന്നിച്ചു പ്രവർത്തിക്കണം. താമസം, ആരോഗ്യസംരക്ഷണം, മരുന്നുകൾ എന്നിവ കൃത്യമായി ലഭ്യമാക്കണം. പ്രവർത്തനങ്ങൾ സമയാസമയം വിലയിരുത്തണം' എന്ന സുപ്രീംകോടതിയുടെ നിർദേശങ്ങളെ അക്ഷരംപ്രതി നടപ്പാക്കുകയാണ് കേരളം. എല്ലാവർക്കും താമസ സൗകര്യം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ പ്രവർത്തനം നടത്തിവരികയാണ്. സാമൂഹ്യസുരക്ഷാ പെൻഷൻ വഴി 55 ലക്ഷം വയോജനങ്ങൾക്ക് പ്രതിമാസം 1200 രൂപ ക്ഷേമ പെൻഷൻ ഉറപ്പാക്കിയിട്ടുണ്ട്.
കേരളം വയോജനക്ഷേമ രംഗത്ത് ഏറെ മുന്നേറിയിട്ടുണ്ട്. ജനസംഖ്യ അനുപാതത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ എട്ട് ശതമാനമായി തുടരുമ്പോൾ, കേരളത്തിൽ വയോജനങ്ങളുടെ ജനസംഖ്യ അനുപാതം 15 ശതമാനത്തിൽ കൂടുതലാണ്. പ്രതിവർഷം വയോജനങ്ങളുടെ ആനുപാതികമായ വർദ്ധനവിന് അനുസൃതമായി അവരെ പുനരധിവസിപ്പിക്കാനും അവരുടെ സാമൂഹ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനും സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാമിഷനും ഒട്ടേറെ നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. അതിലേറ്റവും മുഖ്യപങ്കു വഹിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് വയോമിത്രം.
വയോജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സംസ്ഥാന സർക്കാർ കേരള സാമൂഹ്യസുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് വയോമിത്രം. ഈ പദ്ധതിയിലൂടെ വയോജനങ്ങളുടെ സാമൂഹ്യ സുരക്ഷയും പുനരധിവാസവും ഉറപ്പു വരുത്താനാണ് ശ്രമിക്കുന്നത് . ഒറ്റപ്പെടൽ എന്ന തോന്നൽ വയോജനങ്ങൾക്കുണ്ടാകാൻ പാടില്ല.രണ്ടാം ഘട്ടത്തിൽ വയോമിത്രം പദ്ധതി കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നത്. വയോജനക്ഷേമ പ്രവർത്തനം എല്ലാ ഗ്രാമങ്ങളിലും ബഹുജന പങ്കാളിത്തത്തോടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കേരള സാമൂഹ്യ സുരക്ഷാ മിഷനിലൂടെ എത്തിക്കാനുള്ള തീവ്രയത്നത്തിലാണ് സർക്കാർ.
താങ്ങാനാകാത്ത ചികിത്സാച്ചെലവ് രോഗാതുരത വർദ്ധിപ്പിക്കുന്നു. ഇത് മുന്നിൽക്കണ്ടാണ് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് രോഗപ്രതിരോധം, ചികിത്സ, പുനരധിവാസം എന്നീ രംഗങ്ങളിൽ ഊന്നൽ നല്കാൻ തീരുമാനിച്ചത് . മൂന്നു വർഷത്തിനിടയിൽ 93 പട്ടണത്തിലേക്കും പദ്ധതി കടന്നുചെന്നു. പ്രതിദിനം 14,000 വയോജനങ്ങളാണ് വൈദ്യസഹായ ക്യാമ്പുകളിൽ എത്തുന്നത്. പ്രതിമാസം രണ്ടരലക്ഷം പേർക്ക് വൈദ്യസഹായം ലഭിക്കുന്നു.
സായംപ്രഭ
വയോജനങ്ങളുടെ ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് 'സായംപ്രഭ"എന്ന പേരിൽ സമഗ്രപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ പ്രഥമ സ്ഥാനം കേരളത്തിനാണ്. ഐ.സി.എം.ആർന്റെ 2017ലെ പഠനമനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ 19.4 ശതനമാനം പ്രമേഹ രോഗികളാണ്. ഈ സാഹചര്യത്തിൽ ബി.പി.എൽ വിഭാഗത്തിലെ വയോജനങ്ങൾക്കായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് ' രൂപം നൽകി. വയോജനങ്ങൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന പകൽ പരിപാലന കേന്ദ്രങ്ങളെ സായംപ്രഭ ഹോമുകളാക്കി ഉയർത്തുന്ന പദ്ധതി ആരംഭിച്ചു. വൃദ്ധസദനങ്ങളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നത്തിന്റെ പ്രാരംഭ ഘട്ടം എന്ന നിലയിൽ കണ്ണൂർ ജില്ലയിലെ സർക്കാർ വൃദ്ധസദനത്തെ തിരഞ്ഞെടുക്കുകയും സെക്കൻഡ് ഇന്നിംഗ്സ് പ്രൊജക്ട് എന്ന പേരിൽ മോഡൽ ഓൾഡ് ഏജ് ഹോം ആരംഭിക്കുകയും ചെയ്തു. വയോജനക്ഷേമം മുൻനിറുത്തി വലിയ പ്രവർത്തനമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. എങ്കിലും വയോജനങ്ങൾക്ക് പൂർണമായ സന്തോഷം ലഭിക്കണമെങ്കിൽ ഓരോ കുടുംബവും ശ്രദ്ധിക്കേണ്ടതുണ്ട്. വയോജനങ്ങളുടെ സംരക്ഷണത്തിനായി നമുക്ക് കൈകോർക്കാം. സർക്കാർ ഒപ്പമുണ്ട്.
( ലേഖിക സംസ്ഥാന ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് മന്ത്രിയാണ് )