നെടുമങ്ങാട്: നഗരഹൃദയത്തിലെ ഭാർഗവീനിലയമെന്ന ദുഷ്‌പേര് നീക്കി ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയരുകയാണ് റവന്യു ടവർ. ബഹുനില മന്ദിര സമുച്ഛയത്തിലെ മാലിന്യ സംസ്കരണത്തിനും വാഹന പാർക്കിംഗിനും പുറത്തേയ്ക്കുള്ള വഴി സജ്ജമാക്കലിനും തുടക്കമായി. പ്രവേശന കവാടത്തിൽ എ.ടി.എം കൗണ്ടറും സി.സി.ടിവി കാമറകളും ഉടൻ സ്ഥാപിക്കും. സർക്കാരോഫീസുകളിലെ വാഹനങ്ങൾക്കും സന്ദർശക വാഹനങ്ങൾക്കും വെവ്വേറെ പാർക്കിംഗ് ഏരിയ നിശ്ചയിച്ചു. സന്ദർശക വാഹനങ്ങൾക്ക് ഫീസും വ്യാപാര സ്ഥാപനങ്ങൾക്ക് പാസും ഏർപ്പെടുത്തി. സെക്യൂരിറ്റി ജീവനക്കാരെയും ഫീസ് ഈടാക്കാൻ വനിത ജീവനക്കാരെയും നിയോഗിച്ചു. പൊട്ടിപ്പൊളിഞ്ഞ ഇടനാഴികളും ചുമരുകളും മാലിന്യമടിഞ്ഞ നടുത്തളവും ടോയ്‌ലറ്റുകളും നവീകരിക്കും. പ്ലാസ്റ്റിക് ക്യാരിബാഗുകളിൽ ഭക്ഷണ സാധനങ്ങളും മറ്റും കൊണ്ടുവരുന്നത് തടഞ്ഞിട്ടുണ്ട്. മുൻവശത്ത് ഗേൾസ് സ്‌കൂൾ റോഡുമായി ബന്ധിപ്പിച്ചാണ് ഔട്ട് വേ ഒരുങ്ങുന്നത്. ഈ ഭാഗത്ത് അടിഞ്ഞു കൂടിയ മാലിന്യവും പടർന്നു പന്തലിച്ച കാടും നീക്കം ചെയ്തു. ട്രഷറി ഭാഗത്തെ വഴിയും ശുചീകരിച്ച് ടൂവീലർ പാർക്കിംഗ് ഏരിയ തയാറാക്കി. ഇവിടെയാണ് മാലിന്യ സംസ്കരണ പ്ലാന്റും ഒരുങ്ങുന്നത്. കോടതി ഭാഗത്തെ ഇടവഴിയിലും ടൂവീലർ പാർക്ക് ചെയ്യാം. മുൻവശം പൂർണമായും സർക്കാർ വാഹനങ്ങൾക്കായി നീക്കി വച്ചു. താലൂക്കോഫീസ് ഉൾപ്പടെ ഇരുപതിലേറെ ഓഫീസുകളാണ് റവന്യു ടവറിലുള്ളത്. ഓരോ വകുപ്പുകൾക്കും പ്രത്യേകം പാർക്കിംഗ് യാർഡ് നിർമ്മിക്കാനാണ് തീരുമാനം. വിജയദശമി ദിനം മുതൽ സന്ദർശകർക്ക് പുതിയ അനുഭവമാകും റവന്യുടവർ.
വാഹന പാർക്കിംഗിനെ ചൊല്ലി ജില്ലാ ജോയിന്റ് രജിസ്ട്രാറും (ജനറൽ) തഹസിൽദാരും തമ്മിലുണ്ടായ ഉരസൽ നെടുമങ്ങാട് റവന്യുടവർ നവീകരണത്തിൽ നാഴികക്കല്ലായി. അനധികൃത പാർക്കിംഗുകാരുടെ ഇടയിൽ ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ (ജനറൽ) വാഹനം കുടുങ്ങിയതുമായി ബന്ധപ്പെട്ട് നാല് മാസം മുമ്പാണ് വിവാദമുണ്ടായത്. തന്റെ കാറിനു പിന്നിൽ നെടുമങ്ങാട് തഹസിൽദാർ ജീപ്പിട്ട് വഴിമുടക്കിയെന്നായിരുന്നു ജെ.ആർ ഉന്നയിച്ച പരാതി. റവന്യുടവറിലെ സ്ഥലപരിമിതിയും ഗതാഗതക്കുരുക്കും തഹസിൽദാരും ചൂണ്ടിക്കാട്ടി. ഒടുവിൽ, ജില്ലാ കളക്ടർ ഇടപെട്ടതോടെ ഭവനബോർഡ് പ്രശ്നപരിഹാരത്തിന് രംഗത്തിറങ്ങുകയായിരുന്നു.
റവന്യു ടവറിലെ അനധികൃത പാർക്കിംഗിന് പിഴ ഈടാക്കാനുള്ള തീരുമാനം മെയ് 20 ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഭവന ബോർഡ് ഡയറക്ടർമാരായ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ.പി. സുരേഷ് രാജ്, ചീഫ് എഞ്ചിനിയർ ഹരി, എക്സിക്യുട്ടീവ് എഞ്ചിനിയർ സബിത, അസി. എക്സിക്യുട്ടീവ് എഞ്ചിനിയർ നാസറുദ്ദീൻ എന്നിവർ തഹസിൽദാർ എം.കെ. അനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നാണ് നവീകരണ നടപടികൾക്ക് രൂപം നൽകിയത്.