adoor-prakash
adoor prakash

തിരുവനന്തപുരം: കോന്നിയിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന അടൂർപ്രകാശ് എം.പിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ കൂടിക്കാഴ്ച നടത്തി.കോന്നിയിൽ സ്ഥാനാർത്ഥിയായി അടൂർ പ്രകാശ് നിർദ്ദേശിച്ച റോബിൻ പീറ്ററെ പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റാക്കാൻ കെ.പി.സി.സി നേതൃത്വം തീരുമാനിച്ചതോടെ അടൂർ പ്രകാശ് നിലപാട് മയപ്പെടുത്തുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി മോഹൻരാജിനു വേണ്ടി അദ്ദേഹം പ്രചാരണത്തിന് ഇറങ്ങുമെന്നാണ് വിവരം.

ശനിയാഴ്ച ചെന്നിത്തലയുമായും ഉമ്മൻചാണ്ടിയുമായും അടൂർപ്രകാശ് നടത്തിയ ചർച്ചയിലാണ് റോബിൻ പീറ്റർക്ക് പാർട്ടിയിൽ അർഹമായ പദവി നൽകാൻ ധാരണയായത്. പാർട്ടി നേതൃതലത്തിൽ ആലോചിച്ച് അദ്ദേഹത്തെ ഡി.സി.സി വൈസ് പ്രസിഡന്റാക്കാൻ തീരുമാനിക്കുകയും ചെയ്തു. റോബിൻ പീറ്രറുമായും ചെന്നിത്തല അനുനയ ചർച്ച നടത്തി. അതോടെ മത്സരരംഗത്തു നിന്ന് പിന്മാറാൻ റോബിൻ തയ്യാറായി. ഇന്നലെ ആറ്റിങ്ങൽ മണ്ഡലത്തിലുണ്ടായിരുന്ന അടൂർപ്രകാശ് ചെന്നിത്തല ആവശ്യപ്പെട്ടപ്രകാരം തലസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

വട്ടിയൂർക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായ റോഡ് ഷോയുടെ ഉദ്ഘാടന ചടങ്ങിന് ഒരേ വാഹനത്തിലാണ് ഇരുവരും എത്തിയത്. പിന്നീട് കന്റോൺമെന്റ് ഹൗസിൽ അല്പനേരം ചർച്ച നടത്തി.കോന്നിയിയിലെ പ്രചാരണത്തിൽ സജീവമാകുമെന്ന് അടൂർപ്രകാശ് ഉറപ്പു നൽകിയതായാണ് വിവരം. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇന്നു രാവിലെ പത്തിന് കോന്നി മുരിങ്ങമംഗലം ശബരി ഒാഡിറ്റോറിയത്തിൽ നടക്കുന്ന യു.ഡി.എഫ് കൺവെൻഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.