kummanam
Kummanam

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കുമ്മനം മത്സരിക്കുമെന്ന് മുതിർന്ന നേതാവ് ഒ. രാജഗോപാൽ തന്നെ പറയുകയും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ഇന്നലെ രാവിലെ കുമ്മനം വ്യക്തമാക്കുകയും ചെയ്ത ശേഷമാണ് അപ്രതീക്ഷിതമായി വട്ടിയൂർക്കാവിലേക്ക് ബി.ജെ.പി കേന്ദ്രനേതൃത്വം എസ്. സുരേഷിനെ നിർദ്ദേശിച്ചത്. ആർ.എസ്.എസ് വലിയ സമ്മർദ്ദം ചെലുത്താതിരുന്നതും കുമ്മനം മത്സരിക്കുന്നതിനെ ചൊല്ലി രണ്ട് അഭിപ്രായങ്ങൾ സംസ്ഥാന പാർട്ടിക്കകത്തു തന്നെ ഉയർന്നതുമെല്ലാമാണ് കേന്ദ്രനേതൃത്വത്തെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്.

ശനിയാഴ്ച രാത്രിയോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കുമ്മനത്തിന്റെ പേര് ഒന്നാമതും ജില്ലാ പ്രസിഡന്റ് കൂടിയായ എസ്. സുരേഷിന്റേത് രണ്ടാമതും യുവനേതാവ് വി.വി. രാജേഷിന്റെ പേര് മൂന്നാമതും ഉൾപ്പെടുത്തിയുള്ള പട്ടിക സംസ്ഥാനം കൈമാറിയതിനാൽ സ്വാഭാവികമായും രണ്ടാം പേര് അംഗീകരിക്കുകയായിരുന്നു എന്നാണ് ബി.ജെ.പി വൃത്തങ്ങൾ പറയുന്നത്. കുമ്മനത്തിനായി മണ്ഡലത്തിൽ തുടങ്ങിയ പ്രചാരണം നിറുത്തിവയ്ക്കാൻ പ്രവർത്തകരോട് ശനിയാഴ്ച രാത്രിയോടെ കേന്ദ്രനേതൃത്വം നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ.

ദേശീയ സംഘടനാ നേതൃത്വത്തിൽ സുപ്രധാന ചുമതല വഹിക്കുന്ന നേതാവാണ് കാര്യങ്ങൾ നീക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുമ്മനത്തിനായി ശക്തമായ സമ്മർദ്ദം ചെലുത്തിയ ആർ.എസ്.എസ് വട്ടിയൂർക്കാവിന്റെ കാര്യത്തിൽ അത്തരമൊരു നിലപാട് തുടക്കത്തിലേ എടുത്തിരുന്നില്ല. പ്രാദേശിക ആർ.എസ്.എസ് നേതൃത്വത്തിനുൾപ്പെടെ വി.വി. രാജേഷിനോട് താത്പര്യവുമുണ്ടായിരുന്നു. എന്നാൽ, പ്രവർത്തകരിൽ നിന്ന് അഭിപ്രായശേഖരണം നടത്തി തയ്യാറാക്കിയ പട്ടികയിൽ രണ്ടാമത്തെ പേര് സുരേഷിന്റേതായിരുന്നു.

മത്സരിക്കാനില്ലെന്ന് തുടക്കത്തിലേ കുമ്മനം വ്യക്തമാക്കിയതായിരുന്നു. എന്നാൽ, ബി.ജെ.പി ജില്ലാ നേതൃത്വത്തിൽ നിന്ന് അദ്ദേഹത്തിനു മേൽ സമ്മർദ്ദമുണ്ടായി.ആ സ്ഥിതിക്ക് കുമ്മനം മത്സരിക്കുന്നില്ലെങ്കിൽ എതിർക്കില്ലെന്ന് ആർ.എസ്.എസ് നേതൃത്വവും നിലപാടെടുത്തു. അങ്ങനെയെങ്കിൽ കോന്നിയിൽ കെ. സുരേന്ദ്രൻ വരട്ടെയെന്ന താത്പര്യവും ആർ.എസ്.എസ് ഘടകമെടുത്തു. നേരത്തേയും കോന്നിയിൽ സുരേന്ദ്രന്റെ പേരിന് പ്രാമുഖ്യം കിട്ടിയിരുന്നെങ്കിലും അദ്ദേഹം വിമുഖത അറിയിച്ച് നിൽക്കുകയായിരുന്നു.

ആർ.എസ്.എസ് താത്പര്യം പുറത്തുവന്നതോടെ സംസ്ഥാനനേതൃത്വത്തിൽ നിന്ന് കൂടുതൽ സമ്മർദ്ദമുണ്ടായി. അദ്ദേഹത്തെ ഒന്നാമത്തെ പേരുകാരനായി ഉൾപ്പെടുത്തി കേന്ദ്രത്തിന് പട്ടികയും കൈമാറി. ഇതോടെ സുരേന്ദ്രനു തന്നെ നറുക്ക് വീണു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ മികച്ച പ്രകടനവും പരിഗണിച്ചു.

ഇപ്പോൾ പ്രഖ്യാപിച്ച പട്ടികയിൽ വട്ടിയൂർക്കാവിലും എറണാകുളത്തും ഒഴികെ മത്സരിക്കുന്നവരെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരാണ്. ബി.ഡി.ജെ.എസ് പിന്മാറിയ അരൂരിൽ അവസാനനിമിഷം കോഴിക്കോട്ട് ലോക്‌സഭയിലേക്കു മത്സരിച്ച കെ. പ്രകാശ്ബാബുവിനെ പരിഗണിക്കുകയായിരുന്നു. മഞ്ചേശ്വരത്തെ രവീശ തന്ത്രിയും കാസർകോട്ടെ ലോക്‌സഭാ സ്ഥാനാർത്ഥിയാണ്.

മത്സരിക്കാനില്ലെന്ന് അറിയിച്ചുനിന്ന തന്നെ ചിത്രത്തിലേക്ക് വലിച്ചിഴച്ച ശേഷം തഴഞ്ഞതിൽ കുമ്മനത്തിന് വിഷമമുള്ളതായി ഇന്നലെ അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കി. വട്ടിയൂർക്കാവിൽ തന്റെ പേര് ഒഴിവാക്കിയതിന്റെ കാരണമറിയില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയമാണെന്ന് കരുതുന്നില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

കുമ്മനത്തിന്റെ മനസ്സറിയാൻ ഒ. രാജഗോപാൽ കഴിഞ്ഞദിവസം അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കുമ്മനം മറുപടിയും നൽകി. സംസ്ഥാന നേതൃത്വം കൈമാറിയ പട്ടികയിലെ ഒന്നാം പേര് കുമ്മനത്തിന്റേതായതും പ്രഖ്യാപനം ഏതു നിമിഷവും വരാമെന്നതും കണക്കിലെടുത്താണ് ഒ. രാജഗോപാൽ പരസ്യമായി കുമ്മനത്തിന്റെ പേര് പറഞ്ഞതെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്. അതേസമയം, രാജഗോപാലിന്റെ പ്രഖ്യാപനവും ഒരു വിഭാഗം പ്രവർത്തകരിൽ അതൃപ്തിയുളവാക്കിയെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ പറയുന്നു.