തിരുവനന്തപുരം: സാഹസിക ടൂറിസം മേഖലയിലെ അപകട സാദ്ധ്യത ഒഴിവാക്കാൻ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളിൽ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് സർട്ടിഫിക്കേഷൻ (ബി.ഐ.എസ്) ലഭ്യമാക്കാൻ ടൂറിസം വകുപ്പ് നടപടി ആരംഭിച്ചു.
'ടൂറിസം പഠനത്തിലെ ആഗോള പ്രവണതകൾ' എന്ന വിഷയത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സാഹസിക ടൂറിസം സംബന്ധിച്ച വ്യവസ്ഥകൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളായി കേരളം മാറി നിൽക്കുകയായിരുന്നെന്നും വളരെ വേഗത്തിലാണ് കേരളത്തിലെ സാഹസിക ടൂറിസം മേഖല വളരുന്നതെന്നും ചർച്ചയിൽ പങ്കെടുത്ത ടൂറിസം ഡയറക്ടർ പി. ബാലകിരൺ പറഞ്ഞു.
പദ്ധതി അനുസരിച്ച് സാഹസിക ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും സുരക്ഷിതത്വം സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കുകയും ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്യുകയും വേണം. ടൂറിസം വകുപ്പും ബിസും ചേർന്നുള്ള മാർഗ നിർദ്ദേശങ്ങളും നടപടിക്രമങ്ങളും ഉടൻ പുറപ്പെടുവിക്കും.
സാഹസിക ടൂറിസത്തിൽ ഗുണനിലവാരമുള്ള മനുഷ്യശേഷി ഉറപ്പാക്കാൻ ടൂറിസം കോഴ്‌സുകളും പരിശീലനവും തുടങ്ങുമെന്ന് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്) സി.ഇ.ഒ മനേഷ് ഭാസ്‌കർ പറഞ്ഞു. അക്ഷയ് കുമാർ, സാം ടി സാമുവേൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മഡി ബൂട്ട്‌സ് എം.ഡി പ്രദീപ് മൂർത്തി മോഡറേറ്ററായി.