
ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതവികസനത്തിന്റെ ഭാഗമായി ബാലരാമപുരം പൊലീസ് സ്റ്റേഷൻ ഇന്ന് മുതൽ പനയറക്കുന്നിലേക്ക് മാറും. ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പനയറക്കുന്ന് വികാസ് നഗറിൽ റിട്ട. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ വിജയന്റെ ഇരുനില വാടക കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുക. പുതിയ സ്റ്റേഷനിൽ എസ്.ഐ, സി.ഐ തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് താഴത്തെ നിലയിൽ പ്രത്യേക ക്യാബിൻ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാം നിലയിൽ പൊലീസുകാർക്ക് വിശ്രമമുറിയും ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ, സി.സി.ടി.വി മറ്റ് സാങ്കേതിക സംവിധാനങ്ങളെല്ലാം തന്നെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പതിനെട്ട് സെന്റോളം വരുന്ന വസ്തുവിൽ കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ട്.
ബാലരാമപുരം പൊലീസ് സ്റ്റേഷൻ ജംഗ്ഷനിലെ ഹൃദയഭാഗത്ത് നിന്നും മാറുന്നതോടെ ക്രമസമാധാനപാലനം വെല്ലുവിളിയായേക്കും. ജംഗ്ഷനിൽ ഔട്ട് പോസ്റ്റ് നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുമ്പ് തന്നെ ബാലരാമപുരം സി.ഐ വഴി എസ്.പിക്കും ആഭ്യന്തരവകുപ്പിനും സർക്കാരിനും കൈമാറിയെങ്കിലും ഇക്കാര്യത്തിൽ ഇതുവരെയും അനുകൂലതീരുമാനം വന്നിട്ടില്ല. ദേശീയപാതാവികസനത്തിന്റെ ഭാഗമായി കെട്ടിടത്തിന്റെ പകുതിഭാഗമാണ് പൊളിച്ചുമാറ്റുന്നത്. ബാക്കി ഭാഗം പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ഔട്ട് പോസ്റ്റിന് എത്രയും വേഗം അനുമതി ലഭിച്ചില്ലായെങ്കിൽ ബാലരാമപുരത്ത് ക്രമസമാധാനപാലനം പൊലീസിന് തലവേദനയായി മാറും. ബാലരാമപുരത്ത് അക്രമസംഭവങ്ങൾ തടയാനും, പിടിച്ചുപറി, മദ്യപശല്യം എന്നിവക്ക് തടയിടാനും ജംഗ്ഷനിൽ തന്നെ പൊലീസ് സ്റ്റേഷൻ നിലനിറുത്തണമെന്നാണ് സന്നദ്ധസംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും ആവശ്യപ്പെടുന്നത്. താത്കാലികമായി 4 പൊലീസുകാരെ 24 മണിക്കൂറം ജംഗ്ഷനിൽ ഡ്യൂട്ടിക്കിടാനാണ് ആലോചിക്കുന്നതെന്ന് സി.ഐ ജി.ബിനു പറഞ്ഞു. മേലുദ്ധ്യോഗസ്ഥരിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിലും നടപടി സ്വീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും സി.ഐ പറഞ്ഞു.
പുതിയ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് റൂറൽ എസ്.പി അശോകൻ നിർവഹിക്കും. ഡിവൈ.എസ്.പി അനിൽകുമാർ, സി.ഐ ജി.ബിനു എസ്.ഐ വിനോദ് കുമാർ, പി.ആർ.ഒ സജീവ് തുടങ്ങിയവരും സ്റ്റേഷനിലെ പുരുഷ-വനിത സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ഉദ്ഘാടനത്തിൽ പങ്കെടുക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികളേയും താലൂക്കിലെ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരേയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.