കല്ലമ്പലം : കെ.എസ്.ആർ.ടി.സി ബസ്‌ ഡ്രൈവറെ മർദ്ദിച്ചതായി പരാതി. ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ രാജുവിനാണ് (47) മർദ്ദനമേറ്റത്. ദേശീയ പാതയിൽ നാവായിക്കുളം ഇരുപത്തെട്ടാംമൈലിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 2.45 നായിരുന്നു സംഭവം. രാജു ഓടിച്ചിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്‌ കൊല്ലത്ത് നിന്ന് ആറ്റിങ്ങലേക്ക്‌ വരവേ ഇതേ ദിശയിൽ പോയ കാറിൽ ഉരസിയതാണ് പ്രശ്നങ്ങൾക്ക് കാരണം. കൊല്ലം സ്വദേശിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലാണ് ബസ് ഉരസിയത്. തുടർന്ന് നിറുത്താതെ പോയ ബസിനെ പിന്തുടർന്നെത്തിയ കാർഡ്രൈവർ മർദ്ദിക്കുകയായിരുന്നു. എന്നാൽ ബസ് നിറുത്താൻ സൈഡില്ലാതിരുന്നതിനാലാണ് നിറുത്താതിരുന്നതെന്നും മുന്നോട്ടു പോയി നിറുത്താമെന്ന് കരുതിയെന്നും അതിനിടയിലാണ് ബസ് തടഞ്ഞ് തന്നെ ആക്രമിച്ചതെന്നും ഡ്രൈവർ പറഞ്ഞു. ബസ്‌ കാറിൽ ഉരസിയപ്പോൾ കാറിന്റെ മുൻ സീറ്റിലിരുന്ന അഞ്ചു വയസായ കുട്ടിയുടെ തല ഡാഷ്ബോർഡിൽ ഇടിച്ചതാണ് പ്രകോപനത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസ്‌ ഡ്രൈവർ കല്ലമ്പലം പൊലീസിൽ പരാതി നൽകി.