kovalam

കോവളം : ടെലിവിഷൻ സീരിയലിലെ പ്രൊഡക്ഷൻ ജീവനക്കാരനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവല്ലം പുഴയോരത്ത് എ.കെ. ഭവനിൽ മോഹനൻ-ഓമന ദമ്പതികളുടെ മകനായ മഹേഷ് (25) ആണ് മരിച്ചത്. തിരുമല കൊങ്കളം കുന്നപ്പുഴ കരിങ്കാളി ക്ഷേത്രത്തിന് സമീപമുളള മുറിയിലാണ് മൃതദേഹം കണ്ടത്. വാനമ്പാടിയെന്ന സീരിയലിന്റെ ഷൂട്ടിങ്ങിനുശേഷം സുഹ്യത്തുക്കളുമൊത്ത് മുറിയിൽ ഉറങ്ങാനെത്തിയിരുന്നു. ഞായറാഴ്ച്ച രാവിലെ വിളിച്ചുണർത്തുമ്പോൾ മഹേഷിന് ബോധമില്ലാത്ത നിലയിലായിരുന്നു. ഉടൻതന്നെ സുഹ്യത്തുക്കൾ മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും മരിച്ചതായി ഡോക്ടർ അറിയിച്ചു. ഹൃദയസ്തംഭനമൂലമാണെന്നാണ് പ്രാഥമിക വിവരമെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് പൂജപ്പുര കേസെടുത്തു. സഹോദരൻ മനോജ് സെവൻ ആർട്ട്‌സ് ഫിലിം യൂണീറ്റിലെ ജീവനക്കാരനാണ്.