തിരുവനന്തപുരം : ക്ഷേത്രങ്ങളിലും നൃത്ത - സംഗീത പഠനകേന്ദ്രങ്ങളിലും ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രിപൂജ തുടങ്ങി. വിജയദശമി ദിവസം വിദ്യാരംഭത്തോടെയാണ് ചടങ്ങുകൾ അവസാനിക്കുക.
ആറ്റുകാൽ ഭഗവതി ക്ഷേത്രം, കരിക്കം ശ്രീ ചാമുണ്ഡിദേവീ ക്ഷേത്രം,​ പൂജപ്പുര സരസ്വതി ക്ഷേത്രം, കോട്ടയ്ക്കകം അഭേദാശ്രമം മഹാമന്ത്രാലയം, തച്ചപ്പള്ളി ഊരൂട്ടുമണ്ഡപ ദേവിക്ഷേത്രം, ചെല്ലമംഗലം ദേവിക്ഷേത്രം, ചിന്മയ മിഷൻ, കാര്യവട്ടം വിയ്യാറ്റ് ചാമുണ്ഡേശ്വരി സരസ്വതി ഗണപതി ക്ഷേത്രം, അറപ്പുര ഈശ്വരി അമ്മൻ സരസ്വതി ദേവി ക്ഷേത്രം, ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതി ക്ഷേത്രം, കൊഞ്ചിറവിള ഭഗവതി ക്ഷേത്രം,
പുത്തൻചന്ത ഗാന്ധാരിഅമ്മൻ കോവിൽ എന്നിവിടങ്ങളിൽ നവരാത്രി പൂജയും സംഗീതോത്സവവും തുടങ്ങി. ചില ക്ഷേത്രങ്ങളിൽ ദേവീഭാഗവത നവാഹയജ്ഞവും നടക്കുന്നുണ്ട്.
ഒൻപത് രാത്രിയും പത്ത് പകലും നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തും. ദുർഗാഷ്ടമി നാളിൽ ദുർഗയായും, മഹാനവമി ദിനത്തിൽ മഹാലക്ഷ്മിയായും, വിജയദശമിയിൽ സരസ്വതിയായും ആരാധിക്കാറുണ്ട്.