റിലേയിൽ ഇന്ത്യ ഏഴാമത്
ദോഹ : ഖലീഫ സ്റ്റേഡിയത്തിനുപുറത്തെ കൊടുംചൂടിലും ദോഹയിലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ആവേശത്തിനൊട്ടും കുറവില്ല.
മൂന്ന് വീതം സ്വർണവും വെള്ളിയും നേടി ആറ് മെഡലുകളുമായി അമേരിക്കയാണ് മെഡൽ പട്ടികയിൽ ഒന്നാംസ്ഥാനത്ത്. ഒാരോ സ്വർണവും വെള്ളിയും വെങ്കലവുമായി ചൈന രണ്ടാംസ്ഥാനത്തുണ്ട്. ഒാരോ സ്വർണവും വെങ്കലവും നേടിയ കെനിയ മൂന്നാംസ്ഥാനത്തുണ്ട്.
ലോക ചാമ്പ്യൻഷിപ്പിൽ ആദ്യമായി അരങ്ങേറിയ 4 x 400 മീറ്റർ മിക്സഡ് റിലേയിൽ മലയാളി താരങ്ങളെ മാത്രം ഉൾപ്പെടുത്തി ഇറങ്ങിയ ഇന്ത്യ ആദ്യ ലാപ്പിൽ ലീഡ് നേടിയിട്ടും ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അമേരിക്കയ്ക്കാണ് സ്വർണം.
ഹീറ്റ്സിൽ ഇറങ്ങിയ മുഹമ്മദ് അനസ്, വിസ്മയ വി.കെ, ജിസ്ന മാത്യു,നിർമ്മൽ നോഹ് ടോം എന്നിവരടങ്ങിയ ടീമാണ് ഫൈനലിലും മത്സരിച്ചത്. ആദ്യ ലാപ്പിൽ അനസ് ഒന്നാമതായി വിസ്മയയ്ക്ക് ബാറ്റൺ കൈമാറി. വിസ്മയയിൽ നിന്ന് ജിസ്നയിലേക്ക് എത്തുമ്പോൾ ഇന്ത്യ പിന്നിലായിരുന്നു. ബാറ്റൺ കിട്ടിയ ജിസ്ന മറ്റ് താരങ്ങളുമായി കൂട്ടിയിടിച്ചതോടെ ലാസ്റ്റ്ലാപ്പിൽ നിർമലിലെത്തിയപ്പോഴേക്കും ഏറ്റവും പിന്നിലായിരുന്നു. നിർമൽ അവസാനക്കാരായ ബ്രസീലിന് തൊട്ടുമുന്നിൽ ഫിനിഷ് ചെയ്തു. ഹീറ്റ്സിലേക്കാൾ മികച്ച സമയമായ 3 മിനിട്ട് 15.77സെക്കൻഡിലായിരുന്നു ഇന്ത്യൻ ഫിനിഷ്.
ഹീറ്റ്സിൽ എട്ടാമതെത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ത്യൻ ടീം സീസണൽ ബെസ്റ്റായ 3 മിനിട്ട് 16.14 സെക്കൻഡിലാണ് ഹീറ്റ്സിൽ ഫിനിഷ് ചെയ്തത്. 2020 ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടാൻ ഇന്ത്യൻ സംഘത്തിന് കഴിഞ്ഞു.
കൊടുംചൂടിനെ ഭയന്ന് അർദ്ധ രാത്രിയിലേക്ക് മാറ്റിയ ആദ്യദിനത്തിലെ വനിതാ മാരത്തോണിന് ശേഷം മത്സരങ്ങൾ ട്രാക്കിലേക്ക് മാറിയപ്പോൾ പുരുഷൻമാരുടെ 100 മീറ്ററിൽ സ്വർണം നേടി അമേരിക്കയുടെ യുവതാരം ക്രിസ്റ്റ്യൻ കാൾമാൻ ലോകത്തെ ഏറ്റവും വേഗതയേറിയ പുരുഷനായി.
കഴിഞ്ഞ രാത്രി നടന്ന പുരുഷൻമാരുടെ 50 കി.മീ നടത്തത്തിൽ ജപ്പാന്റെ യുസുകെ സുസുക്കി സ്വർണവും പോർച്ചുഗലിന്റെ യാവോ വിയേര വെള്ളിയും നേടി. വനിതകളുടെ 50 കി.മീ നടത്തത്തിൽ ചൈനയുടെ റൂയി ലിയാംഗിനാണ് സ്വർണം. ചൈനയുടെ തന്നെ മൗക്കോവു ലി വെള്ളി നേടി.
പുരുഷൻമാരുടെ ലോംഗ് ജമ്പിൽ 8.69 മീറ്റർ ചാടിയ ജമൈക്കൻ താരം താജേയ് ഗെയ്ലിനാണ് സ്വർണം. 8.39 മീറ്റർ ചാടിയ അമേരിക്കൻ താരം ജെഫ് ഹെൻഡേഴ്സൺ വെള്ളിയും 8.34 മീറ്റർ ചാടിയ യുവാൻ മിഗ്വേൽ എഷേ വരിയ വെങ്കലവും സ്വന്തമാക്കി. ഇൗയിനത്തിൽ മത്സരിച്ച മലയാളിതാരം എം. ശ്രീശങ്കർ യോഗ്യതാറൗണ്ടിൽ പുറത്തായിരുന്നു. 7.62 മീറ്ററാണ് ശ്രീശങ്കറിന് ചാടാൻ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ രാത്രി നടന്ന വനിതകളുടെ ഹാമർ ത്രോയിൽ അമേരിക്കയുടെ ഡി അന്ന പ്രൈസ് 77.54 മീറ്റർ എറിഞ്ഞ് ഫസ്റ്റ് പ്രൈസ് സ്വന്തമാക്കി. 76.35 മീറ്റർ എറിഞ്ഞ പോളണ്ടിന്റെ യോവന്ന ഫിയോ ഡോറോവിനാണ് വെള്ളി. 74.76 മീറ്റർ എറിഞ്ഞ ചൈനയുടെ ഷെംഗ് വാംഗിനാണ് വെങ്കലം.
ഷെല്ലി ഫൈനലിൽ
ഇന്നലെ നടന്ന വനിതകളുടെ 100 മീറ്റർ സെമിയിലെ ഏറ്റവും മികച്ച സമയവുമായി ജമൈക്കൻ താരം ഷെല്ലി ആൻ ഫ്രേസർ ഫൈനലിലെത്തി.മൂന്നാം ഹീറ്റ്സിൽ ഒാടിയ ഷെല്ലി 10.81 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.ദിന ആഷർ സ്മിത്ത് (10.87സെക്കൻഡ്), മാരീ ജോസീ ടാ ലൗ (10.87സെക്കൻഡ്) എന്നിവരാണ് സെമിയിലെ മറ്റ് വേഗക്കാർ. പുരുഷന്മാരുടെ 200 മീറ്റർ ഹീറ്റ്സ് മത്സരങ്ങളും ഇന്നലെ നടന്നു.100 മീറ്റർ ചാമ്പ്യൻ ക്രിസ്റ്റ്യൻ കോൾമാന്റെ അഭാവത്തിൽ ബ്രിട്ടന്റെ ആദം ജെംലി,ചൈനയുടെ ഷംഗ്ഷീ ,ജമൈക്കയുടെ യൊഹാൻ ബ്ളേക്ക് തുടങ്ങിയവർ സെമിയിലേക്ക് യോഗ്യത നേടി.
മൊഞ്ചുള്ള അഞ്ചാമൻ
400 മീറ്റർ ഹർഡിൽസിന്റെ സെമിയിൽ അഞ്ചാമതെത്തിയെങ്കിലും ഫൈനൽ കാണാതെ മലയാളിതാരം എം.പി. ജാബിർ.
49.71
സെക്കൻഡിലാണ് ജാബിർ സെമി ഫൈനലിൽ ഫിനിഷ് ചെയ്തത്.
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്.
2007 ലെ ഒസാക്ക ലോക ചാമ്പ്യൻഷിപ്പിൽ 49.51 സെക്കൻഡിൽ ഫിനിഷ് ചെയ്തിരുന്ന മലയാളി താരം ജോസഫ് ജി. എബ്രഹാമിന്റേതാണ് ഏറ്റവും മികച്ച പ്രകടനം.
ജോസഫിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ ആദ്യ റൗണ്ട് കടക്കുന്ന ആദ്യ മലയാളിയാണ് ജാബിർ.
ഏപ്രിലിൽ ദോഹയിൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാബിർ 49.13 സെക്കൻഡിൽ ഫിനിഷ് ചെയ്തിരുന്നു.
ഹാമറിലെ ആദ്യ
അമേരിക്കൻ വനിത
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഹാമർ ത്രോയിൽ സ്വർണം നേടുന്ന ആദ്യ അമേരിക്കൻ വനിതാതാരമായി ചരിത്രം കുറിച്ച് ഡി അന്ന പ്രൈസ്. യോഗ്യതാ റൗണ്ടിൽ 73.77 മീറ്റർ എറിഞ്ഞിരുന്ന പ്രൈസ് ഫൈനലിൽ 77.54 മീറ്റർ ദൂരം കണ്ടെത്തിയാണ് സ്വർണത്തിലെത്തിയത്. തന്റെ മൂന്നാമത്തെ ശ്രമത്തിലായിരുന്നു പ്രൈസിന്റെ സുവർണ ദൂരം പിറന്നത്.
നാല് തവണ ലോക ചാമ്പ്യനായിട്ടുള്ള അനിറ്റ വ്ളോദാർ സൈക്ക് പരിക്കുമൂലം ലോക മീറ്റിനില്ലാത്തതാണ് പ്രൈസിന് ഭാഗ്യമായത്. ജൂലായിൽ നടന്ന അമേരിക്കൻ ദേശീയ ചാമ്പ്യൻഷിപ്പിൽ 26 കാരിയായ പ്രൈസ് 78.24 മീറ്റർ എറിഞ്ഞ് സ്വർണം നേടിയിരുന്നു.
10000 മീറ്ററിൽ സിഫാൻ
കഴിഞ്ഞരാത്രി നടന്ന വനിതകളുടെ 10000 മീറ്ററിൽ സ്വർണം നേടിയത് ഹോളണ്ടുകാരി സിഫാൻ ഹസനാണ്. അഞ്ചുമാസം മുമ്പുമാത്രം 10000 മീറ്ററിൽ മത്സരിക്കാൻ തുടങ്ങിയ സിഫാൻ അവസാന ലാപ്പിലെ അത്യുജ്ജ്വല പ്രകടനത്തോടെയാണ് ഒന്നാംസ്ഥാനത്തേക്ക് കുതിച്ചെത്തിയത്. തന്റെ സീസണൽ ബെസ്റ്റായ 30 മിനിട്ട് 17.63 സെക്കൻഡിലാണ് സിഫാൻ ഫിനിഷ് ചെയ്തത്.
15-ാം വയസിൽ എത്യോപ്യയിൽ നിന്ന് ഹോളണ്ടിലേക്ക് കുടിയേറിയ സിഫാൻ ഫൈനലിൽ പിന്നിലാക്കിയത് എത്യോപ്യൻ താരം ലെറ്റ് സെന്റ് ബെറ്റ് ഗിഡിയെയാണ്. 30 മിനിട്ട് 21.23 സെക്കൻഡിലാണ് ഗിഡിലെ ഫിനിഷ് ചെയ്തത്. അവസാന ലാപ്പ് വരെ ഗിഡിയെയ്ക്കായിരുന്നു ലീഡ്. എന്നാൽ അവസാന ലാപ്പിന് മണി മുഴങ്ങുന്നതിന് തൊട്ടുമുമ്പ് ഗിഡിയെയെ മറികടന്ന സിഫാൻ സ്വർണവും കൊത്തിപ്പറന്നു. 30 മിനിട്ട് 25.20 സെക്കൻഡിൽ ഫിനിഷ് ചെയ്ത കെനിയയുടെ ആഗ്നസ് ജെബെറ്റ് ടിറോപ്പ് വെങ്കലം കരസ്ഥമാക്കി.