തിരുവനന്തപുരം: ഉച്ചവരെ ചുട്ടുപൊള്ളുന്ന വെയിലും ഉച്ചയ്ക്കുശേഷം ആർത്തുപെയ്ത മഴയുമായിരുന്നു ഇന്നലെ തലസ്ഥാനത്ത്. ഇതു രണ്ടും വകവയ്ക്കാതെയായിരുന്നു വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറും എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തും മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലും വീടുകളിലും വോട്ടഭ്യർത്ഥിച്ച് സജീവമായി. ഇന്നലെ ഉച്ചയോടെയാണ് അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ബി.ജെ.പി മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കുമ്മനത്തിനു പകരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെയാണ് ത്രികോണ പോരാട്ടത്തിനായി പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിച്ചത്. റോഡ് ഷോയോടെ സുരേഷ് ഇന്ന് പ്രചാരണത്തിനിറങ്ങും. അതോടെ മണ്ഡലം യഥാർത്ഥ ത്രികോണ പോരാട്ടച്ചൂടിലേക്ക് നീങ്ങും. സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണവും ഇന്നാണ്.
പത്രിക നൽകുന്നതിന് മുന്നോടിയായി മണ്ഡലത്തിലെ ജനങ്ങളെ നേരിൽക്കണ്ട് അനുമതി തേടുകയെന്ന ലക്ഷ്യത്തോടെ പ്രധാന കേന്ദ്രങ്ങൾ സ്പർശിച്ച് കടന്നുപോയ റോഡ് ഷോ ആയിരുന്നു യു.ഡി.എഫ് പ്രചാരണ പരിപാടികളിൽ മുഖ്യം. പാറ്റൂർ ജംഗ്ഷനിൽനിന്ന് ആരംഭിച്ച റോഡ് ഷോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫ്ളാഗ് ഓഫ് ചെയ്തു. തുറന്ന വാഹനത്തിലാണ് മോഹൻകുമാർ റോഡ് ഷോയിൽ പങ്കെടുത്തത്. ഇരുചക്രവാഹനങ്ങളിലും ആട്ടോറിക്ഷകളിലും ത്രിവർണ പതാകയുമായി പ്രവർത്തകർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. ചെണ്ടമേളവും പ്രവർത്തകർക്ക് ആവേശം പകർന്നു. റോഡ്ഷോ രാത്രി ഒമ്പതോടെ കാച്ചാണി ജംഗ്ഷനിൽ സമാപിച്ചു.
എൽ.ഡി.എഫ് പ്രവർത്തകരിൽ ആവേശം നിറച്ച് പേരൂർക്കടയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് കൺവെൻഷനായിരുന്നു വി.കെ. പ്രശാന്തിന്റെ മുഖ്യപരിപാടി. ബാൻഡ് വാദ്യവും മേളവുമായി ചെങ്കൊടി വാനിലുയർത്തി പ്രവർത്തകർ ആവേശത്തോടെ സ്ഥാനാർത്ഥിക്ക് പിന്തുണയേകി. രാവിലെ വഴയില ക്രിസ്ത്യൻ ചർച്ചിലെത്തി വോട്ടർമാരെ കണ്ടതോടെയാണ് പ്രശാന്തിന്റെ പ്രചാരണം ആരംഭിച്ചത്. തുടർന്ന് മണ്ഡലത്തിലെ കുന്നംപാറ, വലിയവിള, ഇലിപ്പോട്, അറപ്പുര, മരുതുംകുഴി, പാങ്ങോട് ജംഗ്ഷനുകളിൽ വോട്ടഭ്യർത്ഥനയുമായി എത്തി. വൈകിട്ട് മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനെയും സന്ദർശിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ മോഹൻകുമാറും പ്രശാന്തും ഒരുമിച്ചാണ് പങ്കെടുത്തത്.
ഇന്നലെ പ്രചാരണത്തിനിറങ്ങാതിരുന്ന ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി കുമ്മനം രാജശേഖരനെയും വിചാര കേന്ദ്രത്തിലെത്തി പരമേശ്വർജിയെയും കണ്ട് അനുഗ്രഹം വാങ്ങി.