saff-under18-football
saff under18 football

ഫൈനലിൽ ബംഗ്ളാദേശിനെ 2-1ന് കീഴടക്കി

ന്യൂഡൽഹി : കലാശക്കളിയിൽ ബംഗ്ളാദേശിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയ ഇന്ത്യൻ ചുണക്കുട്ടികൾ അണ്ടർ-18 സാഫ് ഫുട്ബാൾ കിരീടം ഇന്ത്യയുടെ സേഫിലെത്തിച്ചു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ സാഫ് അണ്ടർ -18 ഫുട്ബാൾ ചാമ്പ്യൻമാരാകുന്നത്.

മത്സരത്തിന്റെ രണ്ടാംമിനിട്ടിൽത്തന്നെ വിക്രം പ്രതാപ് സിംഗിലൂടെ ഇന്ത്യ ലീഡ് നേടിയിരുന്നു. തുടർന്ന് ബംഗ്ളാദേശ് കളി സമനിലയിലാക്കിയെങ്കിലും ഇൻജുറി ടൈമിൽ രവി ബഹദൂർ റാണ 30 വാര അകലെനിന്ന് തൊടുത്ത ലോംഗ് റേഞ്ചറിലൂടെ ഇന്ത്യ വിജയം നേടിയെടുക്കുകയായിരുന്നു.

ഇടയ്ക്ക് കയ്യാങ്കളിയിലേക്ക് നീങ്ങിയ മത്സരത്തിൽ ഇന്ത്യ 10 പേരുമായും ബംഗ്ളാദേശ് ഒൻപത് പേരുമായാണ് മത്സരം പൂർത്തിയാക്കിയത്.

22-ാം മിനിട്ടിൽ ഇന്ത്യയുടെ ഗുർക്കീരത്ത് സിംഗും ബംഗ്ളാദേശിന്റെ ഫാഹിമും ചുവപ്പുകാർഡ് കണ്ട് പുറത്തായി. 40-ാം മിനിട്ടിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ബംഗ്ളാദേശ് നായകൻ യീസിൻ പുറത്തായി. സമനില ഗോൾ നേടിയതിന് ശേഷം നടത്തിയ അമിത ആവേശപ്രകടനത്തിന്റെ പേരിലാണ് യീസിന് രണ്ടാം മഞ്ഞക്കാർഡ് കണ്ടത്.

ഇന്ത്യയുടെ നിൻ തോയ്ംഗ്‌ൻബ മീട്ടേയിയെ ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

ജൂനിയറിൽ തിളങ്ങി ഇന്ത്യ

. കഴിഞ്ഞമാസം നടന്ന അണ്ടർ-15 സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ ബംഗ്ളാദേശിനെ കീഴടക്കി കിരീടം നേടിയിരുന്നു.

. കഴിഞ്ഞയാഴ്ച ഇന്ത്യൻ അണ്ടർ-16 ഫുട്ബാളിൽ ഇന്ത്യ എ.എഫ്.സി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയിരുന്നു.

. ഇന്ത്യൻ അണ്ടർ 19 ടീം നവംബറിൽ എ.എഫ്.സി ക്വാളിഫൈയിംഗ് ടൂർണമെന്റിൽ കളിക്കാനിറങ്ങുകയാണ്.

ഇന്ത്യയുടെ യുവടീമുകൾ ഒാരോ മത്സരത്തിലും മെച്ചപ്പെടുകയാണ്. എല്ലാ ഏജ് ഗ്രൂപ്പിലും മികച്ച താരങ്ങളെ നിരത്താൻ നമുക്ക് കഴിയുന്നത് വലിയ നേട്ടമാണ്. ഇന്ത്യൻ ഫുട്ബാളിന്റെ വളർച്ചയുടെ തെളിവാണിത്.

പ്രഫുൽ പട്ടേൽ

എ.ഐ.എഫ്.എഫ്

പ്രസിഡന്റ്