idi

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപകമായ മഴയ്‌ക്കൊപ്പം ഉച്ചസമയത്തുണ്ടാകുന്ന ശക്തമായ ഇടിമിന്നൽ സൂക്ഷിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറ്റിറ്റിയുടെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി വരെയുള്ള മിന്നലാണ് അപകടസാധ്യത വർദ്ധിപ്പിക്കുന്നത്.

മിന്നൽ അപകടങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളും അറോറിറ്റി അറിയിച്ചു. ഉച്ചയ്‌ക്ക് രണ്ടു മുതൽ രാത്രി 10 വരെയുള്ള സമയത്ത് തുറസായ സ്ഥലത്തും ടെറസ്സിലും നിൽക്കുന്നത് ഒഴിവാക്കണം. തിരഞ്ഞെടുപ്പ് പ്രചാരണ കാലമായതിനാൽ, ഇടിമിന്നലുണ്ടെങ്കിൽ തുറന്ന വേദികളിൽ നിന്നുകൊണ്ട് പ്രസംഗിക്കാതിരിക്കുകയും മൈക്ക് ഒഴിവാക്കുകയും വേണം.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനകത്തേക്ക് മാറുകയും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വേണം. ജനാലകളും വിതിലുകളും അടച്ചിടുക. ഫോൺ ഉപയോഗിക്കരുത്‌. ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നതും ഒഴിവാക്കണം വീടിനുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുന്നതാണ് സുരക്ഷിതം.

വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വൃക്ഷക്കൊമ്പുകളിൽ കയറുകയോ ചെയ്യരുത്. വാഹനത്തിനുള്ളിലാണെങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക. മിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.

തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ കാൽമുട്ടുകൾക്ക്‌ ഇടയിലേക്ക് തല ഒതുക്കി, പന്തുപോലെ ഉരുണ്ട്‌ ഇരിക്കുന്നത് മിന്നൽ ഏൽക്കാനുള്ള സാധ്യത കുറയ്ക്കും.

ഇടിമിന്നലേറ്റയാളുടെ ശരീരത്തിൽ വൈദ്യുതിപ്രവാഹം ഉണ്ടാകില്ല എന്നതിനാൽ മിന്നലേറ്റയാൾക്ക് പ്രഥമശുശ്രൂഷ നൽകാൻ പേടിക്കേണ്ടതില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.