തിരുവനന്തപുരം: ഹാർഡ് വെയർ, പ്ലംബിംഗ് ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ തീപിടിച്ച് കെട്ടിട നിർമ്മാണ സാധനങ്ങൾ കത്തിനശിച്ചു. ഇന്നലെ രാത്രി 10.15ഓടെ കോവളം ബൈപാസിൽ കുമരിച്ചന്ത പുത്തൻപള്ളി ജംഗ്‌ഷനിൽ പി.ജെ. ബിൽഡിംഗ് മെറ്റീരിയൽസ് എന്ന കടയാണ് കത്തിനശിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. പി.വി.സി പൈപ്പുകളും വാട്ടർ ടാങ്കുകളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഉടമ കടപൂട്ടി പോകുന്നതിന് മുമ്പാണ് സംഭവം. കെട്ടിടത്തിനു മുകളിൽ ശബ്ദം കേട്ട് നോക്കുമ്പോഴാണ് തീ പടരുന്നത് കണ്ടത്. ഇയാൾ വിവരം അറിയിച്ചതനുസരിച്ച് പൊലീസും ഫയർഫോഴ്സ് സംഘവുമെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ചെങ്കൽച്ചൂളയിൽ നിന്നും രണ്ടും പേട്ട ഫയർസ്റ്റേഷനിൽ നിന്നും മൂന്നുമടക്കം അഞ്ച് യൂണിറ്റ് തീകെടുത്താനായി എത്തിയിരുന്നു. ആദ്യം രണ്ടു യൂണിറ്റുകളാണ് എത്തിയത്. എന്നാൽ തീ ആളിപ്പടർന്നതോടെയാണ് മൂന്ന് യൂണിറ്റുകളെക്കൂടി വിളിച്ചു വരുത്തുകയായിരുന്നു. സമീപത്തെ വീടുകളിലേക്കും മറ്റു വ്യാപാര സ്ഥാപനങ്ങളും തീപടരാത്തത് രക്ഷയായി. ഫയർഫോഴ്സിന്റെ ഇടപെടലിനെ തുടർന്ന് താഴത്തെ നിലയിലേക്ക് തീപടരുന്നത് ഒഴിവാക്കാനായി. നിസാർ എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. പേട്ട ഫയർസ്റ്റേഷനിലെ എ.എസ്.ടി.ഒ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീകെടുത്താൻ നേതൃത്വം നൽകിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു.