s-suresh-

തിരുവനന്തപുരം: സ്ഥാനാർത്ഥിത്വം വെെകിയെങ്കിലും വട്ടിയൂർക്കാവിലെ വികസനം ഉൾപ്പടെയുളള വിഷയങ്ങൾ ചർച്ചയാക്കി ജയിച്ച് കയറാമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി എസ്.സുരേഷ്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രതീക്ഷകളെപ്പറ്റി സുരേഷ് 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

ശുഭപ്രതീക്ഷ

ശുഭപ്രതീക്ഷയോടെയാണ് വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിനെ ബി.ജെ.പി നേരിടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വെറും 2700 വോട്ടിനാണ് മണ്ഡലത്തിൽ ബി.ജെ.പി പിന്നിൽ പോയത്. ബി.ജെ.പിക്ക് പ്രതീക്ഷിച്ച വോട്ട് കിട്ടിയെങ്കിലും എൽ.ഡി.എഫിന്റെ എട്ട് ശതമാനം വോട്ട് കുറഞ്ഞു. ഈ വോട്ടുകളെല്ലാം യു.ഡി.എഫിനാണ് പോയത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിവസം തന്നെ ബി.ജെ.പിയുടെ ആദ്യ അഭ്യർത്ഥന പുറത്തിറങ്ങിയിരുന്നു. സ്ഥാനാർത്ഥിയായി എന്നെ ഇന്നലെയാണ് പ്രഖ്യാപിച്ചതെങ്കിലും ഇതിനോടകം ബി.ജെപിയുടെ രണ്ട് അഭ്യർത്ഥനകൾ മണ്ഡലത്തിൽ കൊടുത്ത് കഴിഞ്ഞു. മുതിർന്ന നേതാക്കളായ ഒ.രാജഗോപാലും രണ്ട് ദിവസമായി തെരുവോരങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണം ഏറെ ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ 168 ബൂത്തുകളിലും ബി.ജെ.പിക്ക് സുശക്തമായ സംഘടനാ സംവിധാനമാണുളളത്.

വികസനം ചർച്ചയാകും

രാജ്ഭവനും മന്ത്രി മന്ദിരങ്ങളും സ്ഥിതി ചെയ്യുന്ന മണ്ഡലമാണെങ്കിലും മാലിന്യ സംസ്കരണമോ ഡ്രെയിനേജ് സംവിധാനമോ കുടിവെള്ള ലഭ്യതയോ സഞ്ചാരയോഗ്യമായ റോഡുകളോ വട്ടിയൂർക്കാവിൽ ഇല്ല.വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനായി റസിഡന്റ്സ് അസോസിയേഷന്റെ കോ- ഓർഡിനേഷൻ കമ്മിറ്റി നടത്തുന്ന സമരം ഒരു വർഷം പിന്നിട്ടു. ജനങ്ങൾക്കിടയിൽ സർക്കാരിനും നഗരസഭയ്ക്കും എം.എൽ.എക്കുമെതിരായ വികാരമാണ് ആ സമരം. പേരൂർക്കട ജംഗ്ഷന്റെ വികസനവും ഒന്നും നടന്നിട്ടില്ല. വട്ടിയൂർക്കാവ് മണ്ഡലത്തിൽ പന്ത്രണ്ട് കേന്ദ്രസർക്കാർ സ്ഥാപനങ്ങളുണ്ട്. ഈ സ്ഥാപനങ്ങളെ വട്ടിയൂർക്കാവിലെ ജനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന തരത്തിൽ ക്രീയാത്മകമായി വളർത്തിയെടുക്കാൻ ബി.ജെ.പി ജയിച്ചാൽ സാധിക്കും. ഒന്നരവർഷം കൊണ്ട് ഞങ്ങൾ തൊഴിലുകൾ സൃഷ്ടിക്കും. അമൃത്,സ്മാർട്ട് സിറ്റി പദ്ധതികൾ തിരുവനന്തപുരം നഗരസഭ തകർത്ത് തരിപ്പണമാക്കി. എല്ലാ കേന്ദ്ര പദ്ധതികളേയും നശിപ്പിച്ച് കളഞ്ഞു. വട്ടിയൂർക്കാവിൽ 50 വർഷമായി നടക്കാത്ത വികസനം ബി.ജെ.പി എം.എൽ.എ ജയിച്ചാൽ 20 മാസം കൊണ്ട് നടത്താനാവും. വിശ്വാസി സമൂഹത്തിന് മുൻതൂക്കമുളള മണ്ഡലമാണ് വട്ടിയൂർക്കാവ്. ഈ സർക്കാർ വിശ്വാസി സമൂഹത്തോട് ചെയ്ത ക്രൂരതകളൊന്നും ജനം മറന്നിട്ടില്ല.

s-suresh-

എതിരാളികളെ ഭയമില്ല

വി.കെ പ്രശാന്ത് പരാജിതനായ മേയറാണ്. എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തുളള മണ്ഡലത്തിൽ മേയർ സ്ഥാനം രാജിവയ്ക്കാതെ മത്സരത്തിനിറങ്ങിയത് തന്നെ തോൽക്കുമെന്ന ഭയം ളളളതിനാലാണ്. പരിണിത പ്രജ്ഞനും മാന്യതയുടെ പ്രതിരൂപവും വിദ്യാഭ്യാസവുമുളള ഒരു മനുഷ്യനെ സ്ഥാനാർത്ഥി ആയി തീരുമാനിച്ച ശേഷം അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കാതെ കോൺഗ്രസുകാർ അപമാനിച്ച് കൂകിവിളിച്ച് നാറ്റിച്ച ശേഷമാണ് മോഹൻകുമാർ സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ രംഗപ്രവേശം ചെയ്യുന്നത്. ഇത് മണ്ഡലത്തിലെ സാധാരണ ജനങ്ങളെ വിഷമിപ്പിച്ചിട്ടുണ്ട്. എം.എൽ.എ ആയിരുന്ന സമയത്ത് മോഹൻകുമാർ ഒന്നും ചെയ്തിട്ടില്ല. കഴിഞ്ഞ കുറേ കാലമായി അദേഹം മനുഷ്യാവകാശ കമ്മിഷൻ അംഗമായി ജനങ്ങളിൽ നിന്ന് അകന്ന് നിൽക്കുകയായിരിന്നു. എം.എൽ.എ ആയിരുന്നപ്പോൾ ഒന്നും ചെയ്യാത്ത മനുഷ്യൻ മനുഷ്യാവകാശ കമ്മിഷൻ അംഗമായി ഇരുന്ന് എന്തൊക്കെയോ ചെയ്തെന്ന് പറഞ്ഞാൽ ജനം വിശ്വസിക്കില്ല.

രാജശേഖരേട്ടൻ സന്തോഷവാനാണ്

ഏതെങ്കിലും സ്ഥാനത്ത് എത്താൻ വേണ്ടി പരിശ്രമം നടത്തുന്ന ആളല്ല കുമ്മനം രാജശേഖരൻ. എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും അദേഹം അകന്നാണ് നിന്നത്. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചപ്പോഴും അദേഹം വിസമ്മതിക്കുകയായിരുന്നു. അദേഹം ഒരു വലിയ മനുഷ്യനാണ്. എന്റെ സ്ഥാനാർത്ഥിത്വത്തിൽ രാജശേഖരേട്ടൻ വളരെ സന്തോഷവാനാണ്. മണ്ഡലത്തിലെ ചെറിയ പാർട്ടി യോഗങ്ങളിലും അദേഹം സംസാരിക്കുന്നുണ്ട്.പാർട്ടിയുടെ അച്ചടക്കമുളള പ്രവർത്തകനാണ് കുമ്മനം രാജശേഖരൻ. അദേഹത്തിന്റെ അനുഗ്രഹവും പ്രവൃത്തിയും എന്റെ വിജയത്തിന്റെ മാറ്റ് കൂട്ടും.

പാലാ ബാധിക്കില്ല

പാലായിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിട്ടില്ലെന്ന് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രത്തിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പാർട്ടിയെ ഒറ്റുകൊടുക്കാൻ ശ്രമിച്ചവർക്കെതിരെയാണ് നടപടി എടുത്തത്. അവിടെ വോട്ട് കച്ചവടം നടന്നുവെന്നത് യാതൊരു അർത്ഥവുമില്ലാത്ത കാര്യമാണ്. എൽ.ഡി.എഫ് പറഞ്ഞു, യു.ഡി.എഫിനാണ് വോട്ട് പോയതെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യു.ഡി.എഫ് പറയുന്നു എൽ.ഡി.എഫിനാണ് വോട്ട് പോയതെന്ന്. ഇതൊക്കെ വെറുതെ അനാവശ്യ വിവാദങ്ങളാണ്. യു.ഡി.എഫിനകത്തെ ഗ്രൂപ്പ് വഴക്കും തമ്മിലടിയും കാരണമാണ് ആ മണ്ഡലം കെെവിട്ട് പോയത്. അല്ലാതെ ദേശീയ രാഷ്ട്രീയമോ താത്വിക അടിത്തറയിൽ ഉളള ചർച്ചകളോ അവിടെ നടന്നിട്ടില്ല.